യൂണിവേഴ്സിറ്റി ഹോസ്റ്റൽ ഭരണം പൂർവ്വ വിദ്യാർഥികളുടെ കൈയ്യിൽ; നടപടിയെടുക്കാതെ അധികൃതർ

ഇത്തരത്തിൽ ഹോസ്റ്റലിൽ അനധികൃതമായി താമസിക്കുന്നവരിൽ പലരും ലഹരിക്കടിമയാണെന്നും നിലവിൽ താമസിക്കുന്ന വിദ്യാർത്ഥികൾ പറയുന്നു

author-image
Greeshma Rakesh
New Update
യൂണിവേഴ്സിറ്റി ഹോസ്റ്റൽ ഭരണം പൂർവ്വ വിദ്യാർഥികളുടെ കൈയ്യിൽ; നടപടിയെടുക്കാതെ അധികൃതർ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റൽ ഭരണം ഇപ്പോഴും പൂർവ്വ വിദ്യാർഥികളുടെ കൈയ്യിൽ. കോളേജിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് അനധികൃതമായി ഹോസ്റ്റലിൽ തുടരുന്നത്. എന്നാൽ ഇക്കാര്യം അറിഞ്ഞിട്ടും ഇതിനെതിരെ കോളേജ് അധികൃതരൊ ഹോസ്റ്റൽ അധികൃതരൊ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

ഇത്തരത്തിൽ ഹോസ്റ്റലിൽ അനധികൃതമായി താമസിക്കുന്നവരിൽ പലരും ലഹരിക്കടിമയാണെന്നും നിലവിൽ താമസിക്കുന്ന വിദ്യാർത്ഥികൾ പറയുന്നു. പലദിവസങ്ങളിലും തങ്ങൾക്ക് നേരെ ആക്രമണങ്ങളുണ്ടാകാറുണ്ടെന്നും അവർ പറയുന്നു.യൂണിവേഴ്സ്റ്റി ഹോസ്റ്റലിൽ ഇതിനു മുമ്പും ഇത്തരം സംഭവങ്ങൾ നടത്തിട്ടുണ്ട്.

പഠനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഹോസ്റ്റൽ വിട്ടൊഴിഞ്ഞുപോകാൻ തയ്യാറാകുന്നില്ല. അനധികൃമായി കൈയേറിയ മുറികളിൽ ലഹരി ഉപയോഗിക്കാനായി പുറത്തുനിന്നുവരെ നിരവധിപേർ എത്തുന്നുണ്ട്.

പഠിക്കുന്ന കാലത്തെ വിദ്യാർഥി സംഘടനാബന്ധം ദുരുപയോഗം ചെയ്താണ് ഇവർ ഹോസ്റ്റലിൽ ഇപ്പോഴും തുടരുന്നത്. പല ജില്ലകളിൽ നിന്നുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ട്. മാത്രമല്ല പലരും പഴയ കോളേജ് വിദ്യാർഥി നേതാക്കളും നിരവധി കേസുകളിലെ പ്രതികളുമാണ്.

പൊലീസ് കേസുകളിൽപ്പെടുന്നവർക്ക് ഒളിവിൽ താമസിക്കുന്നതിനുള്ള കേന്ദ്രമായി ഹോസ്റ്റൽ ഇതിനകം മാറികഴിഞ്ഞു.ശക്തമായ രാഷ്ട്രീയ ഇടപെടലുകൾ ഉള്ളതിനാൽ പൊലീസ് ഇതിനകത്ത് കയറില്ലെന്ന ധൈര്യത്തിലാണ് അനധികൃതമായി പ്രവേശിക്കുന്നത്. രാത്രിസമയം മദ്യപിച്ചും മറ്റു ലഹരി ഉപയോഗിച്ചുമുള്ള ആഘോഷങ്ങൾ പതിവായത് പഠിക്കുന്ന വിദ്യാർഥികൾക്ക് ശല്യമാകുന്നുണ്ട്.

പല വിദ്യാർഥികളും തങ്ങളുടെ സുരക്ഷയെ ഭയന്ന് പരാതി നൽകാൻ മടിക്കുന്നതും ഇത്തരക്കാരുടെ ധൈര്യം കൂട്ടുന്നു.സഹിക്കെട്ട് ചിലർപരാതി നൽകിയെങ്കിലും കാര്യമായ ഇടപെടലുകളോ നടപടികളോ ഇവർക്കെതിരെ ഉണ്ടായിട്ടില്ല.

ഹോസ്റ്റൽ കെട്ടിടത്തിലെ ലോ കോളേജ് കുട്ടികൾക്കുള്ള നിലയിലെ 558-ാം നമ്പർ മുറിയിൽ അനധികൃതമായി താമസിക്കുന്ന കുറേപേരാണ് കഴിഞ്ഞ ദിവസം രാത്രി സംഘർഷമുണ്ടാക്കിയത്. ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർഥികളായ ശംഭു, അനിരുദ്ധ്, അർജുൻ എന്നിവർക്കാണ് മുൻ അന്തേവാസികളുടെ മർദനമേറ്റത്. ആക്രമണത്തിൽ പത്തുപേർക്ക് പരിക്കേറ്റിരുന്നു. പൈപ്പ്, തടികഷ്ണങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്നു മർദനം.ലോ കോളേജ് വിദ്യാർഥികൾക്ക് അടുത്തയാഴ്ച പരീക്ഷ തുടങ്ങുകയാണ്.

ഇവർ പഠിക്കുന്നതിനിടയിൽ അനധികൃതമായി ഇവിടെ താമസിക്കുന്ന ഒരുക്കൂട്ടം പേർ മദ്യപിച്ച് ബഹളംവയ്ക്കുകയായിരുന്നു. ബഹളം കാരണം പഠിക്കാൻ കഴിയാതെ വന്നതോടെയാണ് ലോ കോളേജ് വിദ്യാർഥികൾ ഇവരെ വിലക്കിയത്.

ഇതാണ് ആക്രമണത്തിലേയ്ക്ക് നയിച്ചത്. ഇത്തരം പ്രശ്നങ്ങൾ തുടർകഥയായിട്ടും ബന്ധപ്പെട്ട അധികൃതർ വിഷയത്തെ ഗൗരവത്തോടെ കാണുകയോ നടപടി എടുക്കുകയോ ചെയ്യുന്നില്ല എന്നത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് നിലവിൽ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ പറയുന്നത്.

 

kerala Thiruvananthapuram university college hostel conflict