ആലപ്പുഴ: വൈക്കം തഹസിൽദാർക്കെതിരെ പരാതി നൽകി പോക്സോ അതിജീവിതയുടെ മാതാപിതാക്കൾ. അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം.
ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഇദ്ദേഹം മുൻപു കൈക്കൂലി ചോദിച്ചതു വിജിലൻസിനെ അറിയിച്ചിരുന്നെന്നും അതിന്റെ പക പോക്കിയതാണെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
പീഡനവിവരം നാട്ടിലാകെ ചർച്ചയായതിന്റെ ആഘാതം താങ്ങാനാകാതെ കുട്ടിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിക്കും ആലപ്പുഴ എസ്പിക്കും ഉൾപ്പെടെ നൽകിയ പരാതിയിൽ പിതാവ് ആരോപിച്ചു.
ഈ ഗുരുതര ആരോപണം വൈക്കം തഹസിൽദാർ ഇ.എം.റജി നിഷേധിച്ചു. കുട്ടിയുടെ മാതാപിതാക്കൾ മിശ്രവിവാഹിതരായതിനാൽ ജാതി സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു.
ഇതു പരിഹരിക്കാൻ കിർത്താഡ്സിന്റെ മറുപടിക്കായി കാത്തതിനാലാണു കാലതാമസമുണ്ടായത്. കുട്ടിയുടെ വിവരങ്ങൾ ആരോടും പങ്കുവച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
വൈക്കം സ്വദേശികളായ കുടുംബം ഇപ്പോൾ ആലപ്പുഴയിലാണു താമസിക്കുന്നത്. ഓഗസ്റ്റിലാണു സ്കോളർഷിപ്പിനായി സ്കൂളിൽ ഹാജരാക്കാൻ ജാതി സർട്ടിഫിക്കറ്റിനു വേണ്ടി വൈക്കം വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയത്.