വടകര: മട്ടന്നൂരിലെ നവകേരള സദസ്സിലെ കെ.കെ. ശൈലജയുടെ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശൈലജയെ താൻ എന്തോ പറഞ്ഞുവെന്ന് ചിലർ വരുത്തി തീർക്കുകയാണെന്നും ആ കളി അധികം വേണ്ടെന്നും മുഖ്യമന്ത്രി വടകരയിൽ പറഞ്ഞു. ഇത് ശൈലജയുടെ അടുത്തു തന്നെ ചെലവാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞാൻ എന്റെ ശൈലി വെച്ച് കാര്യങ്ങൾ പറയും. മട്ടന്നൂർ വലിയ തോതിൽ ആളുകൾ ഒരുമിച്ച് കൂടുന്ന സ്ഥലമാണ്. എൽ.ഡി.എഫ്. പ്രവർത്തകർ ഒരുപാട് ഒഴുകിയെത്തി. അതുകണ്ടു ഹരം കയറിയാണ് ശൈലജ ടീച്ചർ തന്റെയടുത്തു വന്നു സംസാരിച്ചത്. കാര്യങ്ങൾ സമയാസമയത്ത് തുറന്നു പറയുന്നയാളാണു താൻ. മട്ടന്നൂരിൽത്തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മട്ടന്നൂരിലെ നവകേരള സദസ്സിൽ കെ.കെ. ശൈലജ കൂടുതൽ സമയം എടുത്തു പ്രസംഗിച്ചുവെന്ന പിണറായി വിജയന്റെ പരാമർശം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മട്ടന്നൂരിലെ സദസ്സ് വലിയ പരിപാടിയായി തോന്നിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.