ന്യൂഡൽഹി: കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെയുള്ള ഡൽഹിയിലെ പ്രതിഷേധത്തിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.നിലവിൽ ഡൽഹിയിലുള്ള ഗവർണർ കേരളം നടത്തുന്ന സമരം കാണാൻ വന്നാലും റോഡിൽ കസേരയിട്ട് ഇരിക്കുകയേയുള്ളൂവെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
‘‘കേരള ഗവർണർക്ക് കേരളത്തിൽ ചെലവഴിക്കാൻ സമയമില്ല. മിക്കപ്പോഴും അദ്ദേഹം പുറത്താണ്. ഇനിയിപ്പോൾ കേരളത്തിൽ വന്നാലും, നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിക്കാൻ പോലും സമയമില്ല. ഇന്നും അദ്ദേഹം ഡൽഹിയിലുണ്ട് .അദ്ദേഹം കേരളത്തിന്റെ സമരം കാണാൻ വന്നതാണോയെന്ന് ചിലർ ചോദിച്ചു. ഇനി വന്നാലും അദ്ദേഹം റോഡിൽ കസേരയിട്ട് ഇരിക്കുകയേയുള്ളൂ.’’ – മുഖ്യമന്ത്രി പറഞ്ഞു.
ഫെഡറലിസം സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായാണ് ഡൽഹിയിലെ ജന്തർ മന്തറിൽ കേരളത്തിന്റെ പ്രതിഷേധ സമരം.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരള ഹൗസിൽനിന്ന് കാൽനടയാത്രയായാണ് പ്രതിഷേധ ജാഥ ജന്തർ മന്തറിലെ വേദിയിലെത്തിയത്. പ്രതിഷേധത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, മുൻ സെക്രട്ടറി പ്രകാശ് കാരാട്ട്, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡിഎംകെ മന്ത്രി പഴനിവേൽ ത്യാഗരാജ്, ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയവരും സമരത്തിന് പിന്തുണയുമായെത്തി.
അതെസമയം പ്രതിഷേധ ധർണ്ണ ആരെയും തോൽപ്പിക്കാനല്ലെന്നും കേരളത്തിൻ്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ചരിത്രത്തിൽ കീഴ്‌വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാർഗം തെരഞ്ഞെടുക്കേണ്ടി വന്നു. ഒരാളെയും തോൽപ്പിക്കുക എന്ന ലക്ഷ്യം സമരത്തിന് ഇല്ല. അർഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.