കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിലും സംഘര്‍ഷം. യുഡിഎഫ് അംഗങ്ങള്‍ വിസിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.ഇതോടെ അജണ്ടകള്‍ പാസാക്കി യോഗം വേഗത്തില്‍ അവസാനിപ്പിച്ചു. ഡയസില്‍ കയറിയ മുസ്ലിം ലീഗ് അംഗങ്ങളാണ് വിസിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സംശയങ്ങള്‍ കേള്‍ക്കാന്‍ പോലും വിസി തയ്യാറായില്ലെന്ന് പി അബ്ദുള്‍ ഹമീദ് എംഎല്‍എ കുറ്റപ്പെടുത്തി.
അഞ്ച് അജണ്ടകളാണ് യോഗത്തില്‍ ഉണ്ടായിരുന്നത്. അഞ്ച് അജണ്ടകളും പാസാക്കിയാണ് യോഗം അവസാനിപ്പിച്ചത്. വിദ്യാര്‍ത്ഥി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അജണ്ടകള്‍ കയ്യടിച്ച് പാസാക്കിയെന്ന് യുഡിഎഫ് സെനറ്റ് അംഗങ്ങള്‍ ആരോപിച്ചു.യോഗം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെയാണ് വേഗത്തില്‍ തീരുമാനങ്ങളെടുത്ത് യോഗം അവസാനിപ്പിച്ചത്.
ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത ഒന്‍പത് പേര്‍ സംഘപരിവാര്‍ അനുകൂലികളാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ യോഗം നടന്ന ഹാളിലേക്ക് ഇവരെ പ്രവേശിപ്പിക്കാതെ തടഞ്ഞിരുന്നു. തുടര്‍ന്ന് സെനറ്റ് ഹാളിന് പുറത്ത് എസ്എഫ്‌ഐ പൊലീസ് സംഘര്‍ഷം ഉടലെടുത്തിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.