കൊട്ടാരക്കര: ഉമ്മന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി, എല്‍.ഡി.എഫ് സംഘര്‍ഷം. കോണ്‍ഗ്രസ്, ബി.ജെ.പി. അംഗങ്ങള്‍ കൈയേറ്റം ചെയ്‌തെന്ന് എല്‍.ഡി.എഫും ബോധപൂര്‍വം പഞ്ചായത്ത് കമ്മിറ്റി അലങ്കോലമാക്കി തങ്ങളെ കൈയേറ്റം ചെയ്യുകയും ചെയ്‌തെന്ന് ബി.ജെ.പി., കോണ്‍ഗ്രസ് അംഗങ്ങളും ആരോപിച്ചു. എല്‍.ഡി.എഫ്. അംഗങ്ങളായ ബിന്ദു പ്രകാശ്, അംബികാദേവി എന്നിവര്‍ക്ക് മര്‍ദനമേറ്റതായി എല്‍.ഡി.എഫ്. ആരോപിച്ചു.കോണ്‍ഗ്രസ് അംഗങ്ങളായ ലാലി ജോസഫ്, മേരി ഉമ്മന്‍ എന്നിവര്‍ക്ക് പരിക്കേറ്റതായി കോണ്‍ഗ്രസും പറയുന്നു.
ബി.ജെ.പി.അംഗം തേവന്നൂര്‍ ഹരികുമാര്‍, കോണ്‍ഗ്രസിലെ അനീഷ് മംഗലത്ത് എന്നിവരുടെ നേതൃത്വത്തില്‍ അക്രമം നടത്തിയെന്നാണ് എല്‍.ഡി.എഫിന്റെ ആരോപണം. എന്നാല്‍ സി.പി.ഐ.അംഗം സുനില്‍ ടി.ഡാനിയേലിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം സംഘര്‍ഷം ഉണ്ടാക്കി എന്നാന്ന് എതിര്‍പക്ഷത്തിന്റെ ആരോപണം. പഞ്ചായത്ത് സമിതി യോഗം തുടങ്ങിയ ഉടന്‍ രണ്ടുതവണ യോഗം ബഹിഷ്‌കരിച്ച ഇടത് അംഗങ്ങള്‍ വീണ്ടും കടന്നുവന്ന് മിനിട്സ് കീറാന്‍ ശ്രമിച്ചെന്നും പ്രസിഡന്റിനെയും സെക്രട്ടറിയെയും വൈസ് പ്രസിഡന്റിനെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നും ഭരണപക്ഷം പറയുന്നു.
എന്നാല്‍, കേരളോത്സവത്തിന്റെ യഥാര്‍ഥ കണക്ക് അവതരിപ്പിക്കണമെന്ന ആവശ്യം ഭരണസമിതി അംഗീകരിച്ചില്ലെന്നും ഇതു ചോദ്യംചെയ്തപ്പോള്‍ ആക്രമിക്കുകയായിരുന്നു എന്നും എല്‍.ഡി.എഫ്. പറയുന്നു. കേരളോത്സവത്തിന് പഞ്ചായത്തില്‍ വ്യാപക പണപ്പിരിവാണ് നടത്തിയത്. വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ഇതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുന്നതിനിടെ മര്‍ദിക്കുകയായിരുന്നെന്നും നേതാക്കള്‍ ആരോപിച്ചു.
ഇരുപതംഗ പഞ്ചായത്തില്‍ വിലങ്ങറയിലെ ഉപതിരഞ്ഞെടുപ്പു വിജയത്തോടെ എല്‍.ഡി.എഫിന് പത്ത് അംഗങ്ങള്‍ ആണുള്ളത്. രണ്ടു ബി.ജെ.പി. വിമതരുടെ പിന്തുണയോടെ കോണ്‍ഗ്രസ് വിമതരാണ് ഭരണം. ഇടതുഭരണത്തിലിരുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി ബി.ജെ.പി ഭരണം അട്ടിമറിക്കുകയായിരുന്നു. ജനുവരി ആദ്യം അവിശ്വാസം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്‍.ഡി.എഫ്.
ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും യോഗത്തിനുശേഷം നടന്ന ക്രിസ്മസ് ആഘോഷത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുത്തു.