ഡൽഹി: സിഎഎയുടെ കാര്യത്തിൽ ബിജെപി സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്നും രാജ്യമെമ്പാടും അതിനെ കുറിച്ച് ബോധവൽക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.“നമ്മുടെ രാജ്യത്ത് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്. അതിൽ വിട്ടുവീഴ്ച ചെയ്യാൻ ഞങ്ങൾ തയാറല്ല, സിഎഎ ഒരിക്കലും പിൻവലിക്കില്ല,” എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ വ്യക്തമാക്കി.
സിഎഎ എന്തുകൊണ്ട് നടപ്പാക്കുന്നുവെന്നും തീരുമാനത്തിനു പിന്നിലെ ഉദ്ദേശം എന്തെന്നും ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ ലക്ഷ്യം സുതാര്യമാണ്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുമുള്ള പ്രതിബദ്ധത പാർട്ടി 2019 ലെ പ്രകടനപത്രികയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
വിവാദമായ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ബിജെപിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. അധികാരത്തിൽ വന്നാൽ നിയമം റദ്ദാക്കുമെന്ന് ഇൻഡ്യ മുന്നണി നേതാക്കൾ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇൻഡ്യ മുന്നണി അധികാരത്തിൽ വരാൻ സാധ്യതയില്ലെന്ന് അവർക്കു തന്നെ അറിയാം എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.
പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് ബിജെപിയാണ്, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ്. ഇത് റദ്ദാക്കുക അസാധ്യമാണ്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ ഇടം ഇല്ലാത്തവിധം ഞങ്ങൾ രാജ്യമാകെ നിയമത്തെ കുറിച്ച് ബോധവൽക്കരണം നടത്തുമെന്നും അമിത് ഷാ പറഞ്ഞു.വിവാദ നിയമത്തിലൂടെ ബിജെപി പുതിയ വോട്ട് ബാങ്ക് ഉണ്ടാക്കുകയാണെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങളെ അമിത് ഷാ പരിഹസിച്ചു.
പ്രതിപക്ഷത്തിന് വേറെ പണിയില്ല, ഒന്നു പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ചരിത്രമാണ് അവർക്കുള്ളത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ചരിത്രം വേറെയാണ്. ബിജെപിയോ പ്രധാനമന്ത്രിയോ എന്തെങ്കിലും പറഞ്ഞാൽ അത് കല്ലിൽ കൊത്തിവെച്ചത് പോലെയാണ്. മോദി നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കപ്പെടുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
അതെസമയം രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി പൗരത്വ ഭേദഗതി നിയമം ഉപയോഗിക്കുകയാണെന്ന ആരോപണവും അമിത് ഷാ തള്ളി. സർജിക്കൽ സ്‌ട്രൈക്കുകളിലും വ്യോമാക്രമണങ്ങളിലും രാഷ്ട്രീയ നേട്ടമുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നുകരുതി തങ്ങൾക്ക് തീവ്രവാദത്തിനെതിരെ നടപടിയെടുക്കാതിരിക്കാൻ കഴിയുമോയെന്നും അമിത് ഷാ ചോദിച്ചു.അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാണ്. കേരളവും തമിഴ്നാടും ബംഗാളും സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന നിലപാടിലാണ്.