തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിൽ പങ്കെടുത്ത് കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയടക്കമുള്ള പുരോഹിതർ.ക്രൈസ്തവസഭാ മേലധ്യക്ഷന്മാർക്കെതിരെ മന്ത്രി സജി ചെറിയാൻ ഉന്നയിച്ച വിമർശനങ്ങൾ വിവാദമായതിനിടെയാണ് വിരുന്ന് നടക്കുന്നത്.അതെസമയം മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ള മന്ത്രിമാരും പൗരപ്രമുഖരും തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുക്കുന്നുണ്ട്.
ബിഷപ്പുമാർക്കെതിരെ സജി ചെറിയാൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നതുവരെ സർക്കാരുമായി സഹകരിക്കില്ലെന്ന് കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ ചൊവ്വാഴ്ച നിലപാടെടുത്തിരുന്നു. ഇതിനുപിന്നാലെ മണിക്കൂറുകൾക്കുള്ളിൽ പ്രസ്താവന പിൻവലിച്ച് മന്ത്രി രംഗത്തെത്തി. ഇതോടെയാണ് ക്രിസ്മസ്-പുതുവത്സര വിരുന്നിൽ എത്താമെന്ന് സഭാനേതൃത്വം സർക്കാരിനെ അറിയിച്ചത്.
ഡിസംബറിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവ മേലധ്യക്ഷന്മാർ പങ്കെടുത്തതിനെയാണ് മന്ത്രി സജി ചെറിയാൻ വിമർശിച്ചത്. ബി.ജെ.പി. വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പുർ വിഷയം മറന്നെന്നുമായിരുന്നു സജി ചെറിയാൻ പറഞ്ഞത്.