ന്യൂഡൽഹി: ഭൂട്ടാനുമായുള്ള അതിർത്തി പ്രശ്നം എത്രയും വേഗം പരിഹരിക്കാനും നയതന്ത്ര ബന്ധം സ്ഥാപിക്കാനും തയ്യാറാണെന്ന് ചൈന.അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം നിയമപരമായ രൂപത്തിലേക്ക് മാറ്റാൻ ചൈന ഭൂട്ടാനോട് ആവശ്യപ്പെട്ടു.അതിർത്തി ചർച്ചകൾക്കായി ബെയ്ജിംഗ് സന്ദർശിച്ച ഭൂട്ടാൻ വിദേശകാര്യ മന്ത്രി താണ്ടി ഡോർജി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടികാഴ്ച്ച നടത്തിരുന്നു.
അതിർത്തി നിർണയ പ്രക്രിയ ത്വരിതപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കാനും ഇരുപക്ഷവും സമ്മതിച്ചതായാണ് വിവരം.ചൈനയും ഭൂട്ടാനും സൗഹൃദപരമായ അയൽക്കാരാണെന്നും ഇരുരാജ്യങ്ങളും ഇതുവരെ നയതന്ത്രബന്ധം സ്ഥാപിച്ചിട്ടില്ലെങ്കിലും ദീർഘകാലമായി സൗഹൃദപരമായ വിനിമയം നിലനിർത്തുന്നുണ്ടെന്നും ഇരുവരും പറഞ്ഞു.
ഭൂട്ടാന്റെ സ്വാതന്ത്ര്യം, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയെ ചൈന എപ്പോഴും മാനിക്കുന്നു, എല്ലാ തലങ്ങളിലും എല്ലാ മേഖലകളിലും വിനിമയം ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥ, വ്യാപാരം, സംസ്കാരം, ടൂറിസം എന്നിവയിൽ പ്രായോഗിക സഹകരണം വിപുലീകരിക്കാനും അതിർത്തി നിർണയ പ്രക്രിയയും നയതന്ത്ര സ്ഥാപനവും ത്വരിതപ്പെടുത്താനും തയ്യാറാണ്. ഭൂട്ടാനുമായുള്ള ബന്ധം ഇരു രാജ്യങ്ങൾക്കുംകൂടുതൽ നേട്ടമുണ്ടാക്കുമെന്ന് ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ് പറഞ്ഞു.
ചൈനയുമായുള്ള ബന്ധം ശക്തമാക്കുന്നതിന് ഭൂട്ടാൻ സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും, ഏക ചൈന തത്വത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഡോർജി ഹാനിനോട് പറഞ്ഞു. തായ്‌വാനും ടിബറ്റും ചൈനയുടെ ഭാഗമാണ് എന്നർത്ഥം വരുന്ന ഏക ചൈന തത്ത്വത്തിൽ ഭൂട്ടാൻ ഉറച്ചുനിൽക്കുന്നുവെന്നും അതിർത്തി പ്രശ്‌നം നേരത്തേ പരിഹരിക്കുന്നതിനും രാഷ്ട്രീയ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനും ചൈനയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും ദോർജിയെ ഉദ്ധരിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം വാർത്താ കുറിപ്പിൽ പറഞ്ഞു.
ചൈന അതിർത്തി പങ്കിടുന്ന 14 രാജ്യങ്ങളിൽ 12 രാജ്യങ്ങളുമായും അതിർത്തികൾ തീർത്തു. അതിർത്തി തർക്കം ഇപ്പോഴും നിലനിൽക്കുന്ന രണ്ട് രാജ്യങ്ങളാണ് ഭൂട്ടാനും ഇന്ത്യയും.ഇന്ത്യ ഭൂട്ടാൻ, നേപ്പാൾ അതിർത്തികളിൽ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങൾ അടിസ്ഥാന സൗകര്യ വികസനവും മുൻഗണനാ നയങ്ങളും ഉപയോഗിച്ച് വികസിപ്പിക്കാനുള്ള ശ്രമങ്ങളും ചൈന ശക്തമാക്കിയിട്ടുണ്ട്.
അതെസമയം ചൈന-ഭൂട്ടാൻ ബന്ധം ഇന്ത്യയ്ക്ക് പ്രത്യാഘാതങ്ങൾ സൃഷ്ട്ടിക്കുമെന്നും വിലയിരുത്തലുകൾ ഉണ്ട്. ഭൂട്ടാന്റെ വടക്കുപടിഞ്ഞാറൻ, മധ്യ മേഖലകളിലായി ഏകദേശം 764 ചതുരശ്ര കിലോമീറ്ററിൽ ചൈന അവകാശവാദമുന്നയിക്കുന്നു. .ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി ചർച്ചകളുടെ ഭാഗമായിരുന്നു തർക്കം.
എന്നാൽ, ചൈനയും ഭൂട്ടാനും തമ്മിലുള്ള ചർച്ചകൾ1984-ൽ ആരംഭിച്ചിരുന്നു. അതിനുശേഷം, 24 റൗണ്ടുകളിലധികം അതിർത്തി ചർച്ചകളും 12 റൗണ്ട് വിദഗ്ധ തല യോഗങ്ങളും നടന്നിട്ടുണ്ട്. ഇത് വടക്കൻ ഭൂട്ടാനിലെ ജകർലുങ്, പസംലുങ് പ്രദേശങ്ങളിലും ഡോക്ലാമിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരുന്നു.
തന്ത്രപ്രധാനമായ ജംഫെരി റിഡ്ജ് ലൈനിലേക്ക് ചൈന റോഡ് സ്ഥാപിക്കാൻ തുടങ്ങിയതിന് ശേഷം 2017-ൽ ഡോക്ലാമിനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ രണ്ട് മാസത്തോളം സംഘർഷമുണ്ടായിരുന്നു.ദോക്‌ലാം പീഠഭൂമി ഭൂട്ടാൻ പ്രദേശമായി ഇന്ത്യ കണക്കാക്കുമ്പോൾ, സിക്കിമിനും ഭൂട്ടാനും ഇടയിൽ സ്ഥിതി ചെയ്യുന്ന ചുംബി താഴ്‌വരയുടെ വിപുലീകരണത്തിൽ ചൈന ഉറച്ചുനിന്നു.
2020 ജൂണിൽ, കിഴക്കൻ ഭൂട്ടാനിൽ സ്ഥിതി ചെയ്യുന്ന സക്തേങ് വന്യജീവി സങ്കേതം തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെട്ടു. ഇന്ത്യയിലെ അരുണാചൽ പ്രദേശുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇത് . ഭൂട്ടാൻ പ്രദേശത്ത് ചൈന നിരവധി ഗ്രാമങ്ങൾ നിർമ്മിച്ചതായി ആരോപണമുണ്ട്.എന്നാൽ ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടേ ഷെറിംഗ് ഈ ആരോപണം തള്ളിയിരുന്നു.
ഇന്ത്യയും ചൈനയും അതിർത്തിയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചാലേ ട്രൈ ജംഗ്ഷനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാൻ കഴിയൂ എന്നും ഭൂട്ടാൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു.ഇന്ത്യയ്ക്കും ചൈനയ്ക്കും അതിർത്തിയിൽ പ്രശ്‌നങ്ങളുണ്ട്.
അവർ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ പരിഹരിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണെന്നും ഷെറിംഗ് പറഞ്ഞു.ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സുരക്ഷയുമായി ബന്ധപ്പെട്ട് ദോക്‌ലാമിന് വലിയ പ്രാധാന്യമുണ്ട്. ഈ മേഖലയുടെ മേൽ ചൈനയുടെ നിയന്ത്രണം ഇന്ത്യയുടെ സിലിഗുരിക്ക് ഭീഷണിയാകും.