കൊച്ചി: നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ച നാലു വിദ്യാര്‍ത്ഥികളുടേയും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവും എറണാകുളത്തേയ്ക്ക് യാത്ര തിരിച്ചു. മന്ത്രിമാര്‍ യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തുകയും ദുഃഖസൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപ്രതീക്ഷിത തിക്കും തിരക്കുമാണ് വന്‍ ദുരന്തത്തിലേക്ക് നയിച്ചത്. ഗാനമേളയ്ക്കിടെയാണ് അപകടമുണ്ടായത്. തിരക്കിലും പെട്ട് നാല് പേരാണ് മരിച്ചത്.
മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ഡ്രിറ്റ, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സിവില്‍ വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അതുല്‍. ആന്‍ഡ്രിറ്റ രണ്ടാം വര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിനിയും.
അപകടത്തില്‍ 46 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 2 പേരുടെ നില ഗുരുതരമാണ്. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റത്.
ടെക് ഫെസ്റ്റിന്റെ ഭാഗമായി ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ശനിയാഴ്ച. പരിപാടി നടന്ന ഓഡിറ്റോറിയത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്തു. ഇതോടെ ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവര്‍ അകത്തേക്ക് ഇരച്ചുകയറി.
സര്‍വകലാശാലയിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്. പരിക്കേറ്റവരെ തൊട്ടടുത്ത കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാല് പേര്‍ മരിച്ചു.