തിരുവനന്തപുരം: വിവാദമായ ആദിമം പരിപാടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസി ജനവിഭാഗത്തിന്റെ കലാപരിപാടികള്‍ അവതരിപ്പിച്ചതില്‍ തെറ്റില്ലെന്നും പ്രദര്‍ശന വസ്തുവാക്കി എന്ന പ്രചരണം ശരിയായ ഉദ്ദേശത്തിലല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലാപരിപാടിക്ക് ശേഷം കലാകൗരന്മാര്‍ വിശ്രമിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇടുക്കി ജില്ലയിലെ കുമളിയിലെ ആദിവാസി വിഭാഗമായ പളിയര്‍ അവതരിപ്പിക്കുന്നതാണ് പളിയ നൃത്തം. ഈ കലാപരിപാടിയാണ് ആദിമത്തില്‍ അവതരിപ്പിച്ചത്. അതില്‍ എന്താണ് തെറ്റെന്നും റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടായിട്ടില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
നാടോടി ഗോത്ര കലാകാരന്മാര്‍ക്ക് കലാരൂപം അവതരിപ്പിക്കാനുള്ള വേദിയായിരുന്നു കേരളീയം പരിപാടിയുടെ ഭാഗമായി ഒരുക്കിയ ആദിമം. പന്തക്കാളി, കളവും പുള്ളുവന്‍പാട്ടും, പടയണി, തെയ്യം, മുടിയേറ്റ്, പൂതനും തിറയും തുടങ്ങിയ കലാരൂപങ്ങള്‍ക്ക് ഒപ്പമാണ് പളിയ നൃത്തവും അവതരിപ്പിച്ചത്. ഇടുക്കി ജില്ലയിലെ കുമളിയിലെ പളിയര്‍ എന്ന ആദിവാസി വിഭാഗത്തിന്റെ പാരമ്പര്യ നൃത്തരൂപമാണ് പളിയ നൃത്തം.
ഊരു മൂപ്പന്‍മാരെ സന്ദര്‍ശിച്ച് നിര്‍മാണ രീതി നേരിട്ട് മനസിലാക്കി അവരുടെ മേല്‍നോട്ടത്തിലാണ് പരമ്പരാഗത കുടിലുകള്‍ നിര്‍മ്മിച്ചത്. ഈ കുടിലിന്റെ മുന്‍പില്‍ ഗോത്ര വിഭാഗങ്ങള്‍ അവരുടെ പൂര്‍വികര്‍ അവതരിപ്പിച്ച മാതൃകയില്‍ അനുഷ്ഠാന കല അവതരിപ്പിച്ചതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.