ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലും മിസോറാമിലും ആദ്യഘട്ട പോളിംഗ് പൂര്‍ത്തിയായി. രണ്ടിടത്തും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. ഛത്തീസ്ഗഡില്‍ 70.87 ശതമാനവും മിസോറാമില്‍ 76.66 ശതമാനവുമാണ് പോളിംഗ്.
ഛത്തീസ്ഗഡില്‍ ആദ്യഘട്ട പോളിംഗിനിടെ മൂന്നിടങ്ങളില്‍ വോട്ടെടുപ്പ് തടയാന്‍ ശ്രമിച്ച മാവോയിസ്റ്റുകളും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടി. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. മാവോയിസ്റ്റ് സ്വാധീന മേഖലയായ സുഖ്മയില്‍ ബൂത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റു.
ഛത്തീസ്ഗഢിലെ ഇരുപത് മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീര്‍, രാജ്‌നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.
പ്രശ്‌നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളില്‍ ത്രിതല സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഡ്രോണ്‍ സുരക്ഷ അടക്കം സുരക്ഷയ്ക്ക് ഉപയോഗിച്ചു.
മിസോറാമിലെ 40 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. മിസോ നാഷണല്‍ ഫ്രണ്ട്, സോറം പീപ്പിള്‍സ് മൂവ്‌മെന്റ്, കോണ്‍ഗ്രസ്, ബിജെപി, ആം ആദ്മി പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് മിസോറമില്‍ മത്സരരംഗത്തുള്ളത്.