ചെന്നൈ: ചെന്നൈ-ബെംഗളൂരു ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേ ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.ലോക്സഭയിൽ ഡിഎംകെ അംഗം ദയാനിധി മാരന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഏറെ പ്രതീക്ഷയോടെ ഇരുനഗരങ്ങളും കാക്കുന്ന പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ഗഡ്കരി സഭയിൽ പറഞ്ഞു. സഭയ്ക്ക് ഇക്കാര്യത്തിൽ ഞാൻ ആത്മവിശ്വാസം നൽകുകയാണ്. ഡിസംബർ മാസം മുതൽക്ക് ചെന്നൈ-ബെംഗളൂരു ദൂരം രണ്ട് മണിക്കൂറായി ചുരുങ്ങുമെന്നും ഗഡ്കരി പറഞ്ഞു.
തമിഴ്നാട് സർക്കാർ പദ്ധതിക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കാൻ കുറെക്കൂടി സഹകരിക്കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു. താൻ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ താൽപ്പര്യപ്പെടുന്നില്ല. പക്ഷെ, അസംസ്കൃത വസ്തുക്കൾ ലഭിക്കാതെ എങ്ങനെ മുമ്പോട്ട് പോകാനാകുമെന്ന് അദ്ദേഹം ചോദിച്ചു. ഈ വിഷയങ്ങൾ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി താൻ സംസാരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.
നാല് മുതൽ അഞ്ചുവരെ മണിക്കൂർ സമയമെടുക്കും നിലവിൽ ഈ നഗരങ്ങൾക്കിടയിലെ യാത്രയ്ക്ക്. 258 കിലോമീറ്ററാണ് ഈ നാലുവരിപ്പാതയുടെ നീളം. ഏതാണ്ട് 38 കിലോമീറ്ററോളം ദൂരം കുറയുകയും ചെയ്യും. മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും ഈ എക്സ്പ്രസ്‌വേയിലെ വേഗപരിധി.
അതെസമയം കേരളത്തിലെ കൊല്ലം ജില്ലയെ തമിഴ്‌നാട്ടിലെ മധുരയുമായി ബന്ധിപ്പിക്കുന്ന NH-774 ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി നേരത്തെ സമ്മതിച്ചതുപോലെ 50% സ്ഥലമെടുപ്പിന് പകരം 25% സ്ഥലം ഏറ്റെടുക്കാനുള്ള കേന്ദ്രത്തിൻ്റെ നിർദ്ദേശം കേരള സർക്കാർ അംഗീകരിച്ചതായും ഗഡ്കരി പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയൻ അത് അംഗീകരിച്ചിരുന്നുവെങ്കിലും കേരള സർക്കാരിൽ നിന്ന് ഔപചാരികമായ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.