തിരുവല്ല: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല തിങ്കളാഴ്ച. ക്ഷേത്രത്തിന് ചുറ്റും സമീപ പ്രദേശങ്ങളിലും ഞായറാഴ്ച മുതല്‍ ഭക്തര്‍ പൊങ്കാല അടുപ്പുകള്‍ കൂട്ടി.
പൊങ്കാല ദിവസം രാവിലെ തന്നെ നീരേറ്റുപുറത്തു നിന്ന് എടത്വായിലേക്കും തിരുവല്ലയിലേക്കുമുള്ള വീഥികളില്‍ നിറഞ്ഞുകവിയും. വര്‍ഷന്തോറും ലക്ഷക്കണക്കിന് ഭക്തരാണ് വ്രതാനുഷ്ഠാനത്തോടെ പൊങ്കാല അര്‍പ്പിക്കാന്‍ ക്ഷേത്രത്തില്‍ എത്തുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ 4 ന് നിര്‍മ്മാല ദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചുചൊല്ലി പ്രാര്‍ഥനയും ഉണ്ടാകും. തുടര്‍ന്ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്ന് മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകര്‍ന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
ക്ഷേത്ര മുഖ്യ കാര്യദര്‍ശി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും.
കേന്ദ്ര ഇലക്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജിവ് ചന്ദ്രശേഖര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും. വൈകിട്ട് സാംസ്‌കാരിക സമ്മേളനവും നൂറുകണക്കിന് ഭക്തജനങ്ങള്‍ ദേവി അര്‍പ്പിച്ച ഉടയാടകള്‍ ചുറ്റിയ കാര്‍ത്തിക സ്തംഭം കത്തിക്കുന്ന ചടങ്ങും നടക്കും.