തിരുവനന്തപുരം: പൂവാര്‍ തിരുപുറത്ത് മാല പിടിച്ചുപറിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. തിരുപുറം
കഞ്ചാം പഴിഞ്ഞി സ്വദേശിയായ വിനീതിനെയും വിനീഷിനെയുമാണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പൂവാര്‍ തിരുപുറം സ്വദേശിയായ വിനോയുടെ രണ്ടര പവന്‍ മാലയാണ് സഹോദരങ്ങള്‍ സൗഹൃദം നടിച്ച് പിടിച്ചുപറിച്ചത്.
വിനോയെ ജോലി കാര്യങ്ങള്‍ സംസാരിക്കാന്‍ എന്ന വ്യാജേന, സൗഹൃദം നടിച്ച് വിനീതും വിനീഷും വീട്ടിലെത്തിക്കുകയായിരുന്നു. ശേഷം വിനോയുടെ ബൈക്കിന്റെ താക്കോല്‍ കൈക്കലാക്കി. തുടര്‍ന്ന് പരസ്പരം വാക്കേറ്റമായി. അതിനു ശേഷം ഇരുവരും ചേര്‍ന്ന് വിനോയെ മര്‍ദ്ദിച്ച് രണ്ടര പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
വിനോ ഉടന്‍ പൂവാര്‍ പൊലിസില്‍ പരാതി നല്‍കി. പ്രതികള്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന വിവരം ലഭിച്ച പൊലീസ് നെയ്യാറ്റിന്‍കരയില്‍ വച്ച് പിടികൂടുകയായിരുന്നു.
അന്വേഷണത്തില്‍ രണ്ടു മാസം മുന്‍പ് വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിലും ഇരുവരും പ്രതികളാണെന്ന് മനസിലായി. ഇവരുടെ പക്കല്‍ നിന്നും മോഷ്ടിച്ച മാല കണ്ടെത്തിയിട്ടുണ്ട്. മാല നെയ്യാറ്റിന്‍കരയില്‍ വില്‍ക്കാന്‍ എത്തിച്ചതാണെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.