തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സംസ്ഥാനത്തിന് അര്‍ഹമായ പണം ലഭിച്ചേ തീരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സിന് ഔദ്യോഗിക സമാപനം കുറിച്ചുകൊണ്ടു തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ സംയുക്ത പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പരിപാടി നടന്ന 136 മണ്ഡലങ്ങളിലും നാടാകെ ഒഴുകിയെത്തി. നവകേരള സദസ്സ് ആര്‍ക്കുമെതിരായ പരിപാടിയല്ല. ജനങ്ങള്‍ക്കും നാടിനും വേണ്ടിയുള്ള പരിപാടിയാണ്. അതിനാലാണ് പതിനായിരങ്ങള്‍ ഓരോയിടത്തും ഇതിന്റെ ഭാഗമായത്.
ഒന്നാം പിണറായി സര്‍ക്കാരിന് മുമ്പുള്ള അഞ്ച് വര്‍ഷക്കാലം സര്‍വ മേഖലകളും തകര്‍ച്ചയുടെ നാളുകളായിരുന്നു. 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വലിയ പ്രതിസന്ധികളായിരുന്നു മുന്നില്‍ എന്നാല്‍ അതിനെയെല്ലാം നേരിട്ട് കേരളം ലോകത്തെ അത്ഭുതപ്പെടുത്തി. നാടിന്റെ ഒരുമയും ഐക്യവും വഴിയാണ് അത് സാധ്യമായത്. അസാധ്യമെന്നത് സാധ്യമാക്കാന്‍ ഒന്നിച്ചു നില്‍ക്കുന്ന ജനതയാണ് നമ്മള്‍.
കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന അവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കൂടി ഉദ്ദേശിച്ചുള്ളതാണ് ഈ പരിപാടി. നമുക്ക് അര്‍ഹമായ പണം കിട്ടുന്നില്ല. 10,7500 കോടിയുടെ കുറവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. രാജ്യത്തെ ഫെഡറല്‍ തത്വങ്ങളുടെ നിരാകരണമാണിത്. ഇതിനെതിരായി ഒന്നിച്ചു നീങ്ങേണ്ടതുണ്ട്.
തലസ്ഥാനത്ത് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനായി 1515 രൂപയാണ് സംസ്ഥാനം ചെലവിടുന്നത്. ഇതോടൊപ്പം മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ കൂടി വരികയാണ്. ഇതിനും സംസ്ഥാനം തന്നെയാണ് പണം ചെലവഴിക്കേണ്ടത്. വന്‍ വികസനം സാധ്യമാകുന്ന കൊച്ചി-ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴിക്കായി 2,182 കോടി രൂപയുടെ ഭൂമി എറ്റെടുത്തു വരികയാണ്. പാലക്കാട് 10,000 കോടി രൂപയുടെ നിക്ഷേപം ഇതുവഴി ഉണ്ടാകും. എറണാകുളത്ത് യാഥാര്‍ഥ്യമാകുന്ന ഗിഫ്റ്റ് സിറ്റിക്കായി 850 രൂപയാണ് ആവശ്യമായിട്ടുള്ളത്. മലയോര തീരദേശ ഹൈവേകള്‍ക്കായി 10,000 കോടി രൂപയും ആവശ്യമുണ്ട്.
എന്നാല്‍ ഈ വികസനമൊന്നും നടക്കരുതെന്ന് എന്നാണ് ചിലരുടെ നിലപാട്. 8 കിലോമീറ്റര്‍ നീളത്തില്‍ വയനാട് തുരങ്കപാത നിര്‍മിക്കുന്നതിന് 2,834 കോടി വേണം. അതുപോലെ കെ- ഫോണ്‍, വാട്ടര്‍ മെട്രോ, എന്നിവയെല്ലാം സംസ്ഥാനം സ്വന്തം നിലയ്ക്ക് ചെലവ് വഹിച്ച് യാഥാര്‍ഥ്യമാക്കിയ പദ്ധതികളാണ്. ഇതുപോലെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പണം ആവശ്യമാണ്. എന്നാല്‍ അര്‍ഹമായ പണം കിട്ടാത്തത് ഇതിന് തടസ്സമാവുകയാണ്.
നവകേരള സദസ്സിനെതിരെ പല ആക്ഷേപങ്ങളും ഉയര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു. എന്നാല്‍ ജനം നവകേരള സദസ്സിനെ ഏറ്റെടുത്തു. അതാണ് സര്‍ക്കാരിന്റെ കരുത്ത്. നിരവധിയാളുകള്‍ ഒരു ഭേദചിന്തയുമില്ലാതെ പരിപാടിയുമായി സഹകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വട്ടിയൂര്‍ക്കാവ് പോളിടെക്നിക് കോളേജ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. വി. പ്രശാന്ത് എം. എല്‍ എ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ പി. രാജീവ്, കെ. രാജന്‍, ആന്റണി രാജു എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരെ കൂടാതെ എ.എ റഹീം എം.പി, എം.എല്‍.എ മാരായ വി. ജോയി, കടന്നപ്പള്ളി രാമചന്ദ്രന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
മണ്ഡലത്തിലെ ജനങ്ങളില്‍ നിന്ന് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ ഇരു മണ്ഡലങ്ങള്‍ക്കുമായി വെവ്വേറെ കൗണ്ടറുകള്‍ സ്ഥാപിച്ചിരുന്നു. വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ നിന്ന് 2568 ഉം തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് 2182 ഉം നിവേദനങ്ങള്‍ ലഭിച്ചു. പരിപാടിയുടെ ഭാഗമായി പ്രശ്സത ശില്‍പി ഉണ്ണി കാനായി തയ്യാറാക്കിയ ശില്പവും വിദ്യാര്‍ഥിനി അലീന യു. പി വരച്ച ഛായാചിത്രവും മുഖ്യമന്ത്രിക്ക് കൈമാറി.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സായി ഗ്രാമം പണിത് നല്‍കുന്ന വീടുകളുടെ താക്കോല്‍ ദാനം, ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ജലജ ടീച്ചര്‍ വകയായി നാല് ലക്ഷം രൂപയുടെ സഹായ വിതരണം, നര്‍ത്തതി ചിത്ര മോഹന് ഗുരുഗോപിനാഥ് നടനഗ്രാമത്തിന്റെ സപര്യ പുരസ്‌കാരദാനം എന്നിവയും ചടങ്ങില്‍ നടന്നു. പരിപാടിയുടെ മുന്നോടിയായി ഇഷാന്‍ ദേവും സംഘവും അവതരിപ്പിച്ച ഗാനമേള ഭാരത് ഭവന്‍ ഒരുക്കിയ വരനടനം എന്നിവയും അരങ്ങേറി.