ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍കരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കരിപ്പൂര്‍ വിമാനത്താവളമുള്‍പ്പെടെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
നേരത്തെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം, മംഗളൂരു രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെയുള്ളവ സ്വകാര്യ മേഖലയ്ക്ക് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലക്ക് നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നത്. 2018 മുതല്‍ ഇതുവരെ ആറ് വിമാനത്താവളങ്ങളാണ് സ്വകാര്യവല്‍ക്കരിച്ചതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു. മികച്ച പ്രവര്‍ത്തനത്തിനും നിക്ഷേപം ലക്ഷ്യമിട്ടുമാണ് സ്വകാര്യവത്കരണമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.