കേരളത്തിന് വീണ്ടും തിരിച്ചടി; സാമ്പത്തിക വർഷാവസാനവും കടമെടുപ്പിൽ 5600 കോടി വെട്ടിക്കുറച്ച് കേന്ദ്രം

ഇതോടെ ക്ഷേമ പെന്‍ഷന്‍ വിതരണമടക്കമുള്ള വർഷാന്ത്യ ചെലവുകളിലും വലിയ പ്രതിസന്ധിയായിരിക്കും സര്‍ക്കാര്‍ നേരിടേണ്ടിവരുക.

author-image
Greeshma Rakesh
New Update
കേരളത്തിന് വീണ്ടും തിരിച്ചടി; സാമ്പത്തിക വർഷാവസാനവും കടമെടുപ്പിൽ 5600 കോടി വെട്ടിക്കുറച്ച് കേന്ദ്രം

തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്‍റെ അവസാനവും സംസ്ഥാനത്തിന്റെ കടമെടുപ്പിൽ 5600 കോടി വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. ഇതോടെ ക്ഷേമ പെന്‍ഷന്‍ വിതരണമടക്കമുള്ള വർഷാന്ത്യ ചെലവുകളിലും വലിയ പ്രതിസന്ധിയായിരിക്കും സര്‍ക്കാര്‍ നേരിടേണ്ടിവരുക.
സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കം മുതൽ ഡിസംബര്‍ വരെ മൂന്ന് പാദങ്ങളിലെ തുക ഒരുമിച്ചും, ജനുവരി മുതൽ മാര്‍ച്ച് വരെയുള്ള തുക പിന്നീടും എന്ന നിലയിലാണ് കടമെടുപ്പിന് കേന്ദ്രം അനുമതി നൽകുന്നത്.

ഈ വർഷം ആകെ 45,689.61 കോടി കേരളത്തിന് കടമെടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്‍റെ കണക്ക്. ഡിസംബർ വരെ പൊതു വിപണിയിൽനിന്ന് 23,852 കോടി രൂപ സമാഹരിക്കാൻ കേന്ദ്രത്തിന്‍റെ അനുമതിയും സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്നു.അവസാന പാദത്തിൽ 7437.61 കോടിയാണ് കേരളം കേന്ദ്രത്തോടെ ആവശ്യപ്പെട്ടത്.എന്നാല്‍, 1838 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചത്.

പിഎഫും ട്രഷറി നിക്ഷേപങ്ങളും അടങ്ങുന്ന പബ്ലിക്ക് അക്കൗണ്ടിലെ പണം സംസ്ഥാനത്തിന്‍റെ കടപരിധിയിൽ ഉള്‍പ്പെടുത്തിയതിനൊപ്പം തൊട്ട് തലേ വര്‍ഷത്തെ കണക്ക് നോക്കി കടപരിധി നിശ്ചയിക്കുന്നതിന് പകരം മൂന്ന് വര്‍ഷത്തെ ശരാശരി കണക്കാക്കിയതുമാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്.

മാത്രമല്ല മുൻവര്‍ഷങ്ങളിലെ തുക ഈ വർഷം ‌പരിഗണിക്കരുതെന്ന കേരളത്തിന്‍റെ നിവേദനം കേന്ദ്രം കണക്കിലെടുത്തതുമില്ല. സാമ്പത്തിക പ്രതിസന്ധിക്കിടെ 5600 കോടിയുടെ അപ്രതീക്ഷിത കുറവ് കൂടി വന്നതോടെ വര്‍ഷാവസാന ചെലവുകൾ അവതാളത്തിലാകുന്ന സ്ഥിതിയാണ് നിലവിൽ.

ഓഗസ്റ്റിന് ശേഷമുള്ള ക്ഷേമ പെൻഷൻ ഇപ്പോൾ തന്നെ അഞ്ച് മാസത്തെ കുടിശികയായി. വൈദ്യുതി മേഖലയിൽ നടപ്പാക്കിയ പരിഷ്കരണങ്ങളുടെ പേരിൽ കിട്ടേണ്ട 5000 കോടി രൂപയിൽ മാത്രമാണിനി സംസ്ഥാനത്തിന് പ്രതീക്ഷയുള്ളത്. അതിലും കേന്ദ്രം അനുകൂല തീരുമാനം എടുത്തിട്ടില്ല.

financial crisis central government keralas borrowing limit