ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി, ഇടത്തരം കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യം; പ്രഖ്യാപിച്ച് നിര്‍മ്മല സീതാരാമന്‍

കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്രസര്‍ക്കാരിന്റെ പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ രാജ്യത്തെ ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

author-image
anu
New Update
ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി, ഇടത്തരം കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യം; പ്രഖ്യാപിച്ച് നിര്‍മ്മല സീതാരാമന്‍

 

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്രസര്‍ക്കാരിന്റെ പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ രാജ്യത്തെ ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടര്‍ന്നാണ് ഈ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

ഇടത്തരം കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. വാടക വീടുകളിലോ ചേരികളിലോ കോളനികളിലോ താമസിക്കുന്ന മധ്യവര്‍ഗത്തിലെ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് സ്വന്തമായി വീട് വാങ്ങാനോ നിര്‍മ്മിക്കാനോ സഹായിക്കുന്നതിന് പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായും മന്ത്രി പറഞ്ഞു. പ്രശ്നങ്ങള്‍ പരിശോധിച്ച് ശുപാര്‍ശ നല്‍കുന്നതിന് സമിതി രൂപീകരിക്കുമെന്നും മന്ത്രി നിര്‍മല സീതരാമന്‍ അറിയിച്ചു. ആയുഷ്മാന്‍ ഭാരതിന് കീഴിലുള്ള ആരോഗ്യ പരിരക്ഷ എല്ലാ ആശാ പ്രവര്‍ത്തകര്‍ക്കും എല്ലാ അംഗന്‍വാടി ജീവനക്കാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും വ്യാപിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന എല്ലായിടത്തും വ്യാപിച്ചുകിടക്കുന്ന സമഗ്ര വികസനമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതരാമന്‍ ഇടക്കാല ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.

Latest News national news budget