കോട്ടയം: ആധാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ ലഭിക്കുന്നതിന് വിരലടയാളവും ഐറിസ് സ്‌കാനും ആവശ്യമെന്നായിരുന്നു ചട്ടം. ഇതിലാണ് മാറ്റം വരുത്തിയത്.
വിരലയടയാളം നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഐറിസ് സ്‌കാന്‍ ചെയ്ത് ആധാര്‍ നല്‍കാം. ഐറിസ് സ്‌കാന്‍ പറ്റാത്തവര്‍ക്ക് വിരലടയാളം മാത്രം മതി. വിരലടയാളവും ഐറിസ് സ്‌കാനും ഇല്ലെങ്കിലും എന്റോള്‍ ചെയ്യാം.
ഇങ്ങനെ എന്റോള്‍ ചെയ്യുവരുടെ പേരും ഫോട്ടോയുമടക്കം സോഫ്ട് വെയറില്‍ രേഖപ്പെടുത്തണം. അസാധാരണ എന്‍ റോള്‍മെന്റായി പരിഗണിച്ച് ആധാര്‍ നല്‍കണം.
കോട്ടയത്ത് വിരലടയാളം തെളിയാത്തതിന്റെ പേരില്‍ ആധാര്‍ നിഷേധിക്കപ്പെട്ട ജോസിമോളുടെ ദുരവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടപടി. ആധാര്‍ എന്റോള്‍മെന്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഇതു സംബന്ധിച്ച് മതിയായ പരിശീലനം നല്‍കാനും കേന്ദ്ര നിര്‍ദ്ദേശമുണ്ട്.
ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ജോസിമോള്‍ക്ക് വിരലുകളില്ലാത്തതിനാല്‍ ആധാര്‍ കാര്‍ഡ് ലഭ്യമായിരുന്നില്ല. അതിനാല്‍ സാമൂഹിക സുരക്ഷാ പെന്‍ഷനും ദിവ്യാംഗ പൗരന്മാരുടെ പുനരധിവാസ പദ്ധതിയായ കൈവല്യം ഉള്‍പ്പെടെയുള്ള വിവിധ ആനുകൂല്യങ്ങളും സേവനങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെടുകയും ചെയ്തിരുന്നു.
ഈ വിവരം പുറത്ത് വന്നതിന് പിന്നാലെ ഇടപെടലുണ്ടാകുകയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആധാര്‍ കാര്‍ഡ് ലഭ്യമാക്കണമെന്ന് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
തുടര്‍ന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ജീവനക്കാര്‍ അന്ന് തന്നെ ജോസിമോള്‍ ജോസിനെ അവരുടെ വീട്ടില്‍ സന്ദര്‍ശിച്ച് ആധാര്‍ നമ്പര്‍ അനുവദിച്ചു.
മങ്ങിയ വിരലടയാളമുള്ളവര്‍ക്കും സമാന ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഇതര ബയോമെട്രിക്സ് വിവരങ്ങളെടുത്ത് എല്ലാ പൗരന്മാര്‍ക്കും ആധാര്‍ ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം രാജ്യത്തെ എല്ലാ ആധാര്‍ സേവന കേന്ദ്രങ്ങള്‍ക്കും ആവര്‍ത്തിച്ച് നല്കിയിട്ടുള്ളതായും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.