ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ഭാഗമായുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനം ഉടന്‍ എത്തിക്കും.
കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ക്ക് നേരെ എസ്.എഫ്.ഐ കരിങ്കൊടി പ്രതിഷേധം നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ക്കു പിന്നാലെ ഗവര്‍ണറുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തിരുന്നു. പിന്നാലെ, ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.
സദാനന്ദ ആശ്രമത്തില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തു നിന്നും സദാനന്ദപുരത്തേക്ക് പോകുകയായിരുന്ന ഗവര്‍ണര്‍ക്കു നേരെ യാത്രാമധ്യേ നിലമേല്‍ വച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാര്‍ക്കു നേരെ രോഷാകുലനായി.