ഗാസ: ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നു. ധാരണപ്രകാരം വെളളിയാഴ്ച വൈകുന്നേരത്തോടെ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചു. 13 ബന്ദികളെയാണ് മോചിപ്പിച്ചത്. ഒപ്പം 12 തായ് പൗരന്മാരെയും ഹമാസ് വിട്ടുകൊടുത്തു. ഇക്കാര്യം തായ് ലന്‍ഡ് പ്രധാനമന്ത്രി സ്രെത്ത തവിസിന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വെടിനിര്‍ത്തലിനു പകരമായി ഹമാസ് ബന്ദികളാക്കിയവരില്‍ 50 പേരെ മോചിപ്പിക്കാം എന്നായിരുന്നു ധാരണ. നാലു മാസം കൊണ്ടാണ് ഇവരെ മോചിപ്പിക്കുക. ധാരണയുടെ ഭാഗമായി 39 പലസ്തീന്‍ തടവുകാരെയും ഇസ്രയേല്‍ മോചിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസയിലേക്ക് അവശ്യസാധനങ്ങളുമായി ട്രക്കുകള്‍ എത്തിത്തുടങ്ങി. മരുന്നും അവശ്യ സാധനങ്ങളുമായാണ് എത്തുന്നത്. ഓരോ ദിവസവും 300 ട്രക്ക് അവശ്യ സാധനങ്ങളും ഒരു ലക്ഷത്തിലധികം ലിറ്റര്‍ ഇന്ധനവും ഈജിപ്ത് വഴി എത്തിക്കും.
നാല് ദിവസത്തെ വെടി നിര്‍ത്തല്‍ ഉടമ്പടി താല്‍ക്കാലികം മാത്രമാണെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വരെ യുദ്ധം തുടരുമെന്നും ഗാലന്റ് കൂട്ടിച്ചേര്‍ത്തു.