ഗാസ: താല്‍ക്കാലിക ആശ്വാസമായി ഗാസയില്‍ വെള്ളിയാഴ്ച മുതല്‍ വെടിനിര്‍ത്തല്‍. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തറാണ് വെടിനിര്‍ത്തല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ഈജിപ്തിന്റേയും യുഎസിന്റേയും സഹായത്തോടെയാണ് ഖത്തര്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയത്.
നാല് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. വൈകിട്ട് 4 മണിയോടെ, ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന്, 13 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും.
പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളള ബന്ധികളെയാണ് വിട്ടയക്കുക. ഇവരെ റെഡ് ക്രോസിനു കൈമാറുമെന്നും ഖത്തര്‍ വ്യക്തമാക്കി. നാലു ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കുമെന്നാണ് കരാര്‍.
ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. എത്ര തടവുകാരെ വിട്ടയയ്ക്കുമെന്നു വെളിപ്പെടുത്തിയിട്ടില്ല.