ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോകസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മെഹുവ മൊയ്ത്രക്കെതിരായ എത്തിക്‌സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തേടി സി.ബി.ഐ. ഇത് സംബന്ധിച്ച് സി.ബി.ഐ ലോക സഭ സെക്രട്ടേറിയറ്റിന് കത്തയച്ചു.
ലോക്പാല്‍ നിര്‍ദ്ദേശ പ്രകാരം ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മെഹുവയ്‌ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് അറിയുന്നത്.
മെഹുവയ്‌ക്കെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 എ പ്രകാരം അനുമതി ഉറപ്പാക്കി ലോകസഭ റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറി കഴിഞ്ഞാല്‍ സി.ബി.ഐക്ക് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ലോക്പാലിന്റെ അംഗീകാരം ആവശ്യമില്ല.
മെഹുവയ്‌ക്കെതിരായ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സി.ബി.ഐ ഉടന്‍ ലോക്പാലിന് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.