തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി സ്വദേശിനി ജസ്‌നയുടെ തിരോധാനത്തില്‍ അന്വേഷണം അവസാനിപ്പിച്ച കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സിബിഐ. ജസ്‌നയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നും ശാസ്ത്രീയ പരിശോധനകളിലും കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.
നിര്‍ണയക വിവരങ്ങളൊന്നും ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം മുന്‍പോട്ട് കൊണ്ടു പോകാന്‍ കഴിയില്ല. എന്തെങ്കിലും വിവരം ലഭിച്ചാല്‍ അന്വേഷണം പുനരാരംഭിക്കും. സിബിഐ കോടതിയെ അറിയിച്ചു.
കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്‌ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22നാണ് കാണാതായത്. വീട്ടില്‍ നിന്ന് മുണ്ടക്കയത്തെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് ജസ്‌നയെ കാണാതാകുന്നത്.
ജസ്‌നയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ഉള്‍പ്പെടെ കേരളാ പൊലീസിന്റെ സംഘങ്ങള്‍ അന്വേഷണം നടത്തി. എന്നാല്‍, ജസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസ്, കെഎസ്‌യു നേതാവ് അഭിജിത്ത് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയില്‍ കേസ് അന്വേഷണം സിബിഐക്ക് വിട്ടു.