കൊച്ചി: പി വി ശ്രീനിജിന്‍ എംഎല്‍എയെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ ട്വന്റി 20 പാര്‍ട്ടി ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം പുത്തന്‍ കുരിശ് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സി.പി.എം പ്രവര്‍ത്തകനായ ജോഷി വര്‍ഗീസിന്റെ പരാതിയിലാണ് നടപടി.
ട്വന്റി 20 ഞായറാഴ്ച്ച കോലഞ്ചേരിയില്‍ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലാണ് സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തത്. കലാപമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള പ്രകോപന പ്രസംഗം എന്നാണ് എഫ്‌ഐആറിലുള്ളത്. പ്രസംഗത്തിലൂടെ പി വി ശ്രീനിജിന്‍ എം എല്‍ എയെ ഇകഴ്ത്തി കാണിക്കാനും മോശക്കാരനായി ചിത്രീകരിക്കാനും ശ്രമിച്ചതായി എഫ് ഐ ആറില്‍ പറയുന്നു.
പി വി ശ്രീനിജിന്‍ എം എല്‍ എയെക്കൂടാതെ സി പി എം പ്രവര്‍ത്തകാരായ ശ്രുതി ശ്രീനിവാസന്‍, ജോഷി വര്‍ഗീസ് എന്നിവരും സാബു എം ജേക്കബിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വ്യക്തിപരായ ഒരു അധിക്ഷേപവും ആര്‍ക്കുമെതിരേയും നടത്തിയിട്ടില്ലെന്നാണ് സാബു എം ജേക്കബ് പറയുന്നത്. പ്രസംഗത്തിലെവിടെയും എം എല്‍ എയെന്നോ പേരോ പരാമര്‍ശിച്ചിട്ടില്ല.
ട്വന്റി 20 പാര്‍ട്ടി കൂടുതല്‍ പഞ്ചായത്തുകളില്‍ സ്വാധീനമുറപ്പിക്കുന്നതിലുള്ള അസഹിഷ്ണുതയാണ് പരാതിക്കു പിന്നിലെന്നാണ് സാബു എം ജേക്കബ് പറയുന്നത്.