കോഴിക്കോട് : അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ശരീരത്തിൽ സ്പർശിച്ചതിനും ലൈംഗികച്ചുവയോടെ സംസാരിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ-1, 4) വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്.
പരാതിക്കാരിയായ മാധ്യമപ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.അതെസമയം കേരള പത്രപ്രവർത്തക യൂണിയന്റെ പരാതിയിൽ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുമുണ്ട്.
മാധ്യമപ്രവർത്തക ശനിയാഴ്ച സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. തുടർനടപടികൾക്കായി കമ്മിഷണർ പരാതി ടൗൺ അസിസ്റ്റന്റ് കമ്മിഷണർക്കു കൈമാറിയതിനെ തുടർന്നാണു സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. സംഭവത്തിൽ സുരേഷ് ഗോപി ശനിയാഴ്ച മാപ്പു പറഞ്ഞിരുന്നു.
മകളെപ്പോലെയാണു കണ്ടതെന്നും, ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാപ്പു പറയാൻ പലതവണ മാധ്യമപ്രവർത്തകയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. പിന്നീട് ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി ക്ഷമാപണം നടത്തിയത്.