തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പ്രധിഷേധിച്ച് പദയാത്ര നടത്തിയ ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ കേസ്. ബി.ജെ.പി. പദയാത്ര നയിച്ച സുരേഷ് ഗോപി ഉള്‍പ്പെടെ കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്.
ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍, ബി. ഗോപാലകൃഷ്ണന്‍, എ. നാഗേഷ്, ശോഭാ സുരേന്ദ്രന്‍, കെ.ആര്‍. ഹരി എന്നിവരുടെയും പേരുകളും എഫ്.ഐ.ആറിലുണ്ട്.
മറ്റ് ജില്ലാ സംസ്ഥാന നേതാക്കളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ബി.ജെ.പി. ജില്ലാ, മണ്ഡലം ഭാരവാഹികളടക്കം കണ്ടാലറിയാവുന്ന നൂറോളം സംഘാടകരുടെ പേരില്‍ ഇരിങ്ങാലക്കുട പൊലീസും കേസെടുത്തിട്ടുണ്ട്.
പദയാത്രയുടെ സമാപനവേദിയായ കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് ഗതാഗതതടസ്സം സൃഷ്ടിച്ചതിനാണ് കേസ്. സെപ്തംബര്‍ 29-നാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സഹകരണ സംരക്ഷണ പദയാത്ര നടത്തിയത്. ഒക്ടോബര്‍ രണ്ടിനാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര നടന്നത്. രണ്ട് പദയാത്രയിലും വന്‍ജനാവലിയുമുണ്ടായിരുന്നു.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഇരകള്‍ക്ക് നീതിതേടി സഹകാരിസംരക്ഷണ പദയാത്ര നടത്തിയതിന് സുരേഷ് ഗോപിയെ പ്രതിയാക്കി കേസെടുത്ത നടപടി രാഷ്ടീയ പകപോക്കലാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍ പറഞ്ഞു.
സുരേഷ് ഗോപി ബാങ്ക് കൊള്ളക്കാര്‍ക്കെതിരേ ശക്തമായ നിലപാടെടുത്തതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. തീര്‍ത്തും സമാധാനപരമായി നടന്ന പദയാത്രയ്‌ക്കെതിരേ കേസെടുക്കുന്നത് ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന്റെ ഏകപക്ഷീയവും പക്ഷപാതപരവുമായ നടപടിയെ രാഷ്ട്രീയമായി നേരിടും. സുരേഷ് ഗോപിയും അദ്ദേഹത്തോടൊപ്പം പദയാത്രയില്‍ പങ്കെടുത്ത ആയിരങ്ങളും കരുവന്നൂര്‍ ഇരകള്‍ക്കുവേണ്ടി ജയിലില്‍പ്പോകാന്‍ തയ്യാറാണ്. എന്തൊക്കെ പ്രതികാര നടപടികള്‍ സ്വീകരിച്ചാലും സമരത്തില്‍നിന്ന് പിന്മാറില്ലെന്നും ബാങ്ക് കൊള്ളക്കാരെ അഴിക്കുള്ളിലാക്കി സഹകാരികള്‍ക്ക് പണം തിരിച്ചുകിട്ടുന്നതു വരെ സമരം തുടരുമെന്നും അനീഷ്‌കുമാര്‍ പറഞ്ഞു.