ന്യൂഡല്‍ഹി: കാനേഡിയന്‍ വിദേശകാര്യ മന്ത്രി മേലനീ ജോളിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ വാഷിങ്ടണില്‍ വച്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്.
ബ്രിട്ടീഷ് പത്രം ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖാലിസ്ഥാനി തീവ്രവാദി ഹര്‍ദീപ് സിങ് നജ്ജാറുടെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡ ആരോപിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ നയതന്ത്ര തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
എന്നാല്‍, ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രാലയം കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, കനേഡിയന്‍ നയതന്ത്രജ്ഞര്‍ക്ക് ഇന്ത്യ വിടാന്‍ സമയപരിധി നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
തുടര്‍ന്നാണ് ഇന്ത്യയുമായുള്ള സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ 'സ്വകാര്യ'മായി പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാനഡ വിദേശകാര്യ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
കനേഡിയന്‍ നയതന്ത്രജ്ഞര്‍ക്ക് ഇന്ത്യ വിടാന്‍ സമയപരിധി നല്‍കിയെന്നോ അല്ലെങ്കില്‍ അവരുടെ നയതന്ത്ര പരിരക്ഷ നഷ്ടപ്പെടുമെന്നുമുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.