'സ്വകാര്യ ചർച്ചകൾ വേണോ...': കനേഡിയൻ നയതന്ത്രജ്ഞരോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിന് പിന്നാലെ കാനഡ

41 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയുമായി സ്വകാര്യ ചർച്ചയ്ക്ക് ശ്രമിച്ച് കാനഡ.

author-image
Greeshma Rakesh
New Update
'സ്വകാര്യ ചർച്ചകൾ വേണോ...': കനേഡിയൻ നയതന്ത്രജ്ഞരോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിന് പിന്നാലെ കാനഡ

ഡൽഹി: 41 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയുമായി സ്വകാര്യ ചർച്ചയ്ക്ക് ശ്രമിച്ച് കാനഡ.

കനേഡിയൻ നയതന്ത്രജ്ഞരുടെ സുരക്ഷ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും,നിലവിലെ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാൻ രാജ്യം ഇന്ത്യയുമായി സ്വകാര്യ ചർച്ചയ്ക്ക് ശ്രമിക്കുന്നുവെന്നും കാനഡയുടെ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.

ഒക്ടോബർ 10-നകം ഏകദേശം 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ചൊവ്വാഴ്ച ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, സമയപരിധിക്ക് ശേഷവും രാജ്യത്ത് തുടരുന്ന കനേഡിയൻ നയതന്ത്രജ്ഞരുടെ നയതന്ത്ര പ്രതിരോധം ഇല്ലാതാക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം 62 ൽ നിന്ന് 41 ആയി കുറയ്ക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ റിപ്പോർട്ടിനോട് ഇന്ത്യയോ കാനഡയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതെസമയം ഇന്ത്യയുമായി സ്ഥിതിഗതികൾ വഷളാക്കാൻ തന്റെ രാജ്യം ശ്രമിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൊവ്വാഴ്ച പറഞ്ഞു. കനേഡിയൻ കുടുംബങ്ങളെ സഹായിക്കാൻ ഇന്ത്യയിൽ തുടരാൻ തന്റെ സർക്കാർ ആഗ്രഹിക്കുന്നുവെന്നും ട്രൂഡോ പറഞ്ഞു.

കനേഡിയൻ പൗരനായ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാർക്ക്
പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം അടുത്തിടെ വഷളായിരുന്നു.

എന്നാൽ ഇന്ത്യ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ആരോപണങ്ങൾ തെറ്റാണെന്ന് പറഞ്ഞ് ഇന്ത്യ തള്ളിക്കളഞ്ഞു. കേസുമായി ബന്ധപ്പെട്ട ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് മറുപടിയായി, ഒരു മുതിർന്ന കനേഡിയൻ നയതന്ത്രജ്ഞനെയും ഇന്ത്യൻ സർക്കാർ പുറത്താക്കി.

india canada diplomat withdrawal private discussion justin trudeau