തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി സിഎജിയുടെ റിപ്പോർട്ട്. കിഫ്ബിയെ വെട്ടിലാക്കി കൊണ്ടുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കിഫ്ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്റെ ബാധ്യത കൂട്ടുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കിഫ്ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളിയ റിപ്പോർട്ട് നിയമസഭയിൽ വച്ചു. 2021- 22 സാമ്പത്തിക വർഷത്തിലെ സിഎജി റിപ്പോർട്ടിലാണ് കിഫ്ബിക്കെതിരെ പരാമർശമുള്ളത്.
റിപ്പോർട്ടിൽ കിഫ്ബിക്ക് സ്വന്തമായി വരുമാനം ഇല്ലെന്ന് ചൂണ്ടിക്കാട്ടുന്നു.ബജറ്റ് വഴിയുള്ള വരുമാനത്തിൽ നിന്ന് കിഫ്ബി കടം തീർക്കുന്നതിനാൽ ഒഴിഞ്ഞു മാറാൻ ആകില്ല. പെൻഷൻ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സർക്കാരിന്റെ അധിക ബാധ്യതയാണ്. ബജറ്റിന് പുറത്തെ കടം വാങ്ങൽ വെളിപ്പെടുത്താതെ സർക്കാർ ഉത്തരവാദിത്വങ്ങളിൽ വെള്ളം ചേർത്തു.സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുകയാണെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. റവന്യൂ വരുമാനം 19.49 ശതമാനം കൂടിയിട്ടുണ്ട്. പക്ഷെ റവന്യൂ ചെലവ് കൂടി. റവന്യൂ വരുമാനത്തിന്റെ 19.98 ശതമാനം പലിശ അടയ്ക്കാൻ വിനിയോഗിക്കുന്നുവെന്ന് റിപ്പോർട്ടിൽ വിമർശനമുണ്ട്.
ഭൂമി പതിച്ചു നൽകലിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. അനർഹർക്ക് ഭൂമി പതിച്ചു നൽകി. വിപണി വില ഈടാക്കിയില്ല. പതിച്ചു നൽകിയ ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് പോലും ഉപയോഗിച്ചുവെന്നത് ഗുരുതരമാണ് തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്.
പാട്ടക്കരാറും പാട്ടത്തുകയും സമയോചിതമായി വർദ്ധിപ്പിക്കാത്തത് സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി.പാട്ട ഭൂമിയുടെ അനധികൃത വില്പന തടയാൻ സർക്കാർ നടപടി എടുത്തില്ല. പാട്ടത്തുക നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം നടപ്പാക്കിയില്ല. തലസ്ഥാനത്തെ രണ്ട് ക്ലബ്ബുകൾക്ക് പാട്ടത്തുക ഒഴിവാക്കിയത് 29 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നും സി ആൻഡ് എജി റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.
കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകൾ ഭരണഘടനാ വിരുദ്ധം കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) ഈ കണ്ടെത്തലാണ് കേരളത്തിൽ ചൂടേറിയ ചർച്ചകൾക്കു വഴിതെളിച്ചത്. രാജ്യത്തിനു പുറത്തു നിന്നു സംസ്ഥാനങ്ങൾ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമായാണ് മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചതിനെ സിഎജി കാണുന്നത്.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പിലാക്കാനാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) രൂപീകരിച്ചത്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബർ 11നാണ് കിഫ്ബി ആരംഭിച്ചത്. എൽഡിഎഫ് സർക്കാർ 2016ൽ അധികാരമേറ്റെടുത്തപ്പോൾ കിഫ്ബിയുടെ ചട്ടങ്ങൾ പരിഷ്ക്കരിച്ചു. സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യങ്ങൾ.
കിഫ്‌ബിയുടെ യോഗ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത് തോമസ് ഐസക് ആണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിന് പിന്നാലെ
മുൻമന്ത്രി തോമസ് ഐസക്കിനും കിഫ്ബിക്കും നിരവധി തവവണ സമൻസയച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്തെ തോമസ് ഐസക് ഒഴിഞ്ഞുമാറുന്നതാണ് പതിവ്.