മന്ത്രിസഭയിൽ പുനഃസംഘടന; അന്തിമ തീരുമാനത്തിനായി എൽഡിഎഫ് യോഗം തലസ്ഥാനത്ത്

മുന്നണിയിൽ ഒറ്റ എംഎൽഎ മാത്രമുള്ള നാല് പാര്‍ട്ടികൾ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടാക്കിയ ധാരണപ്രകാരമാണ് മന്ത്രിസ്ഥാനങ്ങളിൽ മാറ്റം വരുത്തുക.

author-image
Greeshma Rakesh
New Update
 മന്ത്രിസഭയിൽ  പുനഃസംഘടന; അന്തിമ തീരുമാനത്തിനായി എൽഡിഎഫ് യോഗം തലസ്ഥാനത്ത്

തിരുവനന്തപുരം: നവ കേരള സദസിനു പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയുടെ ചര്‍ച്ചകളിലേക്ക് കടക്കാൻ എൽഡിഎഫ്. ഞായറാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ഇടതുമുന്നണി യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചചെയ്യുന്നത്. മുന്നണിയിൽ ഒറ്റ എംഎൽഎ മാത്രമുള്ള നാല് പാര്‍ട്ടികൾ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടാക്കിയ ധാരണപ്രകാരമാണ് മന്ത്രിസ്ഥാനങ്ങളിൽ മാറ്റം വരുത്തുക.

മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജികത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി. ഇരുവർക്കും പകരം കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനത്തേയ്ക്ക് വരും. സത്യപ്രതിജ്ഞാ തീയതിയിലും അന്തിമതീരുമാനമുണ്ടാകുമെന്നാണ് വിവരം. സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയാൽ നടക്കേണ്ട പുനഃസംഘടന നീണ്ടുപോയത് നവ കേരള സദസ് മൂലമായിരുന്നു.

എൽഡിഎഫ് ധാരണ പ്രകാരം മന്ത്രിസഭ രണ്ട വര്‍ഷം പൂര്‍ത്തിയാക്കി നവംബര്‍ 20 നായിരുന്നു പുനഃസംഘടന നടക്കേണ്ടിയിരുന്നത്. എന്നാൽ നവംബര്‍ പതിനെട്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങൾ തോറും നവ കേരള സദസ് പര്യടനത്തിനൊരുങ്ങിയതാണ് പുനഃസംഘടന നീളാൻ കാരണമായത്. ശനിയാഴ്ചയാണ് നവ കേരള സദസ് അവസാനിച്ചത്. പുനഃസംഘടന നവ കേരള സദസിന് മുൻപ് നടത്തണമെന്ന് കേരളാ കോൺഗ്രസ് ബി മുന്നണിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മറിച്ചായിരുന്നു.

Thiruvananthapuram ldf cabinet reshuffle