ന്യൂഡൽഹി: നാവിക സേനയുടെ കരുത്ത് ഇരട്ടിയാക്കാൻ 200 ബ്രഹ്മോസ് മിസൈലുകൾ ഉടൻ നാവിക സേനയുടെ ഭാഗമാകും.19,000 കോടിയുടെ കരാറിന് മന്ത്രിസഭ കമ്മിറ്റി അധികാരം നൽകി.ബുധനാഴ്ച വൈകീട്ട് നടന്ന യോഗത്തിലാണ് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകൾ വാങ്ങാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. മാർച്ച് ആദ്യവാരം ബ്രഹ്മോസ് എയ്റോ സ്പെയ്സും പ്രതിരോധ മന്ത്രാലയവും കരാറിൽ ഒപ്പിടും.
ഇന്ത്യൻ നാവികസേനയ്ക്കെതിരായ കപ്പൽ വിരുദ്ധ പ്രവർത്തനങ്ങൾക്കും ആക്രമണങ്ങൾക്കും എതിരായ പ്രധാന ആയുധമാണ് ബ്രഹ്മോസ്.
ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈൽ കര, അന്തർവാഹിനികൾ കപ്പലുകൾ, വിമാനങ്ങൾ എന്നിവയിൽ നിന്നും വിക്ഷേപിക്കാം. ശബ്ദത്തിന്റെ മൂന്നിരട്ടിവേഗത്തിൽ സഞ്ചരിക്കുന്ന ഇവ ഇന്ത്യ കയറ്റുമതിചെയ്യുന്നുമുണ്ട്.മിസൈൽ വിതരണത്തിൽ കഴിഞ്ഞ വർഷം ജനുവരിയിൽ 375 മില്യൺ ഡോളറിന്റെ കരാറിൽ ഇന്ത്യ ഫിലിപ്പീൻസുമായി ഒപ്പുവച്ചിരുന്നു. മാർച്ചിൽ കയറ്റുമതി ആരംഭിക്കും. ആദ്യം ഫിലിപ്പീൻസിനാകും മിസൈലുകൾ കൈമാറുക.
അതുൽ റാണെയുടെ നേതൃത്വത്തിലുള്ള ബ്രഹ്മോസ് എയ്‌റോസ്‌പേസ്, പ്രധാനമന്ത്രി നരേന്ദ്രമോദി നിശ്ചയിച്ച 5 ബില്യൺ യുഎസ് ഡോളറിൻ്റെ കയറ്റുമതി ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ്. ഫിലിപ്പീൻസുമായുള്ള 375 മില്യൺ ഡോളറിൻ്റെ ആദ്യ കയറ്റുമതി ഇടപാടിന് ശേഷം 2025 ഓടെ 5 ബില്യൺ ഡോളറാണ് തൻ്റെ ടീം ലക്ഷ്യമിടുന്നതെന്ന് ബ്രഹ്മോസ് ചെയർമാൻ വ്യക്തമാക്കിയിരുന്നു.