ന്യൂഡല്‍ഹി: ദേശീയപാത വികസനത്തിന് വേണ്ടി കേരളം നല്‍കിയ 6000 ത്തോളം കോടി രൂപ കടംവാങ്ങല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍. മറ്റെല്ലാ സംസ്ഥാനങ്ങളിലും സ്ഥലമെടുക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നിരിക്കെ കേരളം നല്‍കിയ തുക കടം വാങ്ങല്‍ വായ്പ പരിധിയില്‍ ഉള്‍പ്പെടുത്തി കടമെടുപ്പ് പരിധി കുറക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.
ഇക്കാര്യത്തില്‍ പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതി വരുമാനം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് പങ്കിടുന്നത് നടക്കുന്നില്ല. നികുതി വരുമാനം സംബന്ധിച്ച് വിശദ പഠനം വേണം. ജിഎസ്ടി ട്രൈബ്യൂണല്‍ രണ്ട് മൂന്ന് മാസം കൊണ്ട് ഇത് നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ജിഎസ്ടി നോട്ടീസില്‍ അപ്പീല്‍ നല്‍കാനുള്ള സമയം നീട്ടിയിട്ടുണ്ട്. വിദേശത്ത് നിന്ന് വരുന്ന കപ്പലുകള്‍ക്ക് ഏര്‍പ്പെടുത്തിയ അഞ്ച് ശതമനം ഐജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ഇത് ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്യും.
ചെറുധാന്യങ്ങളുടെ ചില്ലറ വില്പനയ്ക്ക് ജിഎസ്ടി നികുതി ഒഴിവാക്കി. മദ്യം നിര്‍മ്മിക്കുന്ന ന്യൂട്രല്‍ ആള്‍ക്കഹോളിനെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയതില്‍ യോഗം വ്യക്തത വരുത്തിയിട്ടുണ്ട്. മൊളാസിസിന് ഏര്‍പ്പെടുത്തിയ 18 ശതമാനം ജിഎസ്ടി അഞ്ച് ശതമാനമായി കുറച്ചു. മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ ഒന്നിച്ച് നില്‍ക്കാന്‍ യുഡിഎഫ് എം പിമാര്‍ തയ്യാറാകുന്നില്ലെന്ന് മന്ത്രി ആരോപിച്ചു.