ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള സാധാരണ രീതിയിലുള്ള ബന്ധത്തിന് അതിർത്തി പ്രശ്‌നപരിഹാരങ്ങൾ ആവശ്യമാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. പരിഹാരം കണ്ടെത്താനായില്ലെങ്കിൽ ഇന്ത്യയുമായുള്ള ബന്ധം സാധാരണഗതിയിൽ മുന്നോട്ട് പോകുമെന്ന് ചൈന പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
''ബുദ്ധിമുട്ടേറിയ സാഹചര്യമാണെങ്കിൽ പോലും ചൈനയുമായുള്ള നയതന്ത്രബന്ധം തുടരുന്നുണ്ട്. 2020ൽ അവർ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള കരാറുകളെല്ലാം ലംഘിച്ച് അതിർത്തിയിൽ വലിയ തോതിൽ സൈനികരെ വിന്യസിച്ചു. ഗാൽവൻ സംഭവത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. അതിർത്തിയിൽ പരിഹാരമാകാതെ മറ്റ് ബന്ധങ്ങളും സ്വതന്ത്രമായി മുന്നോട്ട് പോകുമെന്ന് ചൈന പ്രതീക്ഷിക്കരുത്. കാരണം അത് അസാദ്ധ്യമാണ്. നിങ്ങൾക്ക് ഒരേ സമയം ഒരു രാജ്യത്തോട് യുദ്ധം ചെയ്യാനും വ്യാപാരബന്ധം പുലർത്താനും സാധിക്കില്ലെന്നും” അദ്ദേഹം വിശദീകരിച്ചു.
''മാലിദ്വീപുമായുള്ള സമീപകാല വിള്ളലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത് എന്നത് വ്യക്തമായ കാര്യമാണ്. 10 വർഷത്തോളമായി മികച്ച ബന്ധമാണ് അവരുമായി ഉണ്ടായിട്ടുള്ളത്. രാഷ്‌ട്രീയം വ്യത്യാസ്തമായിരിക്കാം. പക്ഷേ അവിടുത്തെ ജനങ്ങൾക്ക് ഇന്ത്യയോട് ഒരു വികാരമുണ്ട്. ആ ബന്ധത്തിന്റെ പ്രാധാന്യവും മനസിലാക്കുന്നു. മാലദ്വീപിന്റെ വികസനത്തിൽ ഇന്ത്യ നിർണായക സഹായങ്ങൾ കൈമാറിയിട്ടുണ്ടെന്നും” ജയശങ്കർ വ്യക്തമാക്കി.