മുംബൈ: മുംബൈ നഗരത്തിൽ സ്ഫോടന പരമ്പര നടത്തുമെന്ന് ഭീഷണി സന്ദേശം. നഗരത്തിൽ ആറിടത്ത് സ്‌ഫോടനം നടത്തുമെന്ന അജ്ഞാത ഭീഷണി സന്ദേശമാണ് മുംബൈ പൊലീസിന് ലഭിച്ചത്. തുടർന്ന് നഗരത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നഗരത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്ന് മറ്റ് ഏജൻസികളും അതീവ ജാഗ്രതയിലാണ്.
വെള്ളിയാഴ്ച പുലർച്ചെ 12.30ഓടെയാണ് വർളിയിലെ ട്രാഫിക് കൺട്രോൾ റൂമിന് സന്ദേശം ലഭിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ആറ് സ്ഥലങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ നഗരത്തിൽ ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടാകുമെന്നാണ് സന്ദേശത്തിൽ അവകാശപ്പെടുന്നത്.
അതെസമയം സന്ദേശം അയച്ച ആളെ കണ്ടെത്താൻ സിറ്റി പൊലീസിന്റെ സൈബർ സെല്ലും ക്രൈംബ്രാഞ്ചും സംയുക്തമായി ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.സംഭവത്തിൽ ഐപിസി സെക്ഷൻ 505 (2) പ്രകാരവും കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.