ബോംബെ: പാകിസ്ഥാൻ കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ബോംബെ ഹൈക്കോടതി തള്ളി. ഒരു രാജ്യസ്‌നേഹിയാകാൻ വിദേശത്ത് നിന്നുള്ളവരോട് പ്രത്യേകിച്ച് അയൽക്കാരോട് ശത്രുത പുലർത്തേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.
പാകിസ്ഥാൻ കലാകാരന്മാർ ഇന്ത്യൻ സിനിമയിൽ ജോലി ചെയ്യുന്നത് പൂർണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ പ്രവർത്തകനും കലാകാരനുമായ ഫായിസ് അൻവർ ഖുറേഷി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
ജസ്റ്റിസുമാരായ സുനിൽ ശുക്രെ, ഫിർദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.നല്ല മനസ്സുള്ള ഒരാൾ രാജ്യത്തിനകത്തും അതിർത്തിക്കപ്പുറത്തും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്ന ഏതൊരു പ്രവർത്തനത്തെയും തന്റെ രാജ്യത്ത് സ്വാഗതം ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
ഇന്ത്യൻ പൗരന്മാർ, കമ്പനികൾ, സ്ഥാപനങ്ങൾ തുടങ്ങിയവ ഏതെങ്കിലും പാകിസ്താൻ സിനിമാ പ്രവർത്തകർ, ഗായകർ, സംഗീതജ്ഞർ, ഗാനരചയിതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരുമായി സഹകരിക്കുകയോ അവരുടെ സേവനം തേടുകയോ ചെയ്താൽ വിലക്കണമെന്നും അത് ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
മാത്രമല്ല പാകിസ്താൻ ക്രിക്കറ്റ് ടീം ഇപ്പോൾ ലോകകപ്പിൽ ഇന്ത്യയിൽ കളിക്കുന്നതിനാൽ, പാകിസ്താൻ ഗായകരെയും കലാകാരന്മാരെയും ഇന്ത്യയിലേക്ക് ക്ഷണിക്കാൻ ആളുകൾ ലോകകപ്പ് ദുരുപയോഗം ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ഇത് ഇന്ത്യൻ കലാകാരന്മാരുടെ തൊഴിലവസരങ്ങൾക്ക് ഭീഷണിയാകുമെന്നും ഖുറേഷി തന്റെ ഹർജിയിൽ ചൂണ്ടികാട്ടി.
എന്നാൽ സാംസ്‌കാരിക സൗഹാർദം, ഐക്യം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനെതിരേയുള്ള പിന്തിരിപ്പൻ നടപടിയാണെന്നും അതിൽ യാതൊരു ഗുണവുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.