കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സംഗക്കേസിൽ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ ഡോക്യുമെന്ററി പുറത്തിറക്കി ബിജെപി. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഡോക്യുമെന്ററിയുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. സന്ദേശ്ഖാലിയിൽ മമത സർക്കാർ മറയ്‌ക്കാൻ ശ്രമിക്കുന്ന യാഥാർത്ഥ്യങ്ങളുടെ നേർചിത്രമാണ് 20 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയെന്നാണ് ബിജെപിയുടെ അവകാശവാദം.
തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖും സഹായികളും എങ്ങനെയാണ് സ്ത്രീകളുടെ സ്വത്തുക്കൾ തട്ടിയെടുക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തെന്ന് വിവരിക്കുന്ന ഡോക്യുമെന്ററിയാണ് പുറത്തുവന്നിരിക്കുന്നത്. സന്ദേശ്ഖാലിയിലെ സ്ത്രീകൾ ലൈംഗിക ചൂഷണം നേരിട്ടിട്ടുണ്ടെന്നും അത് മറക്കാൻ മമന ബാനർജി ശ്രമിക്കുന്നുവെന്നും ബിജെപി ആരോപിക്കുന്നു.
ഞങ്ങളെ ഞെട്ടിക്കുന്ന ഒരു സത്യമാണിതെന്ന അടിക്കുറിപ്പോടെയാണ് ബിജെപി ഡോക്യുമെന്ററി പുറത്തുവിട്ടത്. ‘നമ്മെ വേദനിപ്പിക്കുന്ന ഒരു സത്യം. നമ്മുടെ മനസാക്ഷിയെ ഉലയ്‌ക്കുന്ന ഒരു സത്യം. സന്ദേശ്ഖാലിയുടെ സത്യം, മമത മറയ്‌ക്കാൻ ശ്രമിക്കുന്ന സത്യം’ – ബിജെപി എക്സിൽ കുറിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും എതിരെ ശക്തമായ ആക്രമണത്തിനാണ് ബിജെപി ഇതോടെ തുടക്കമിട്ടത്. തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് ഷെയ്ഖ് ഷാജഹാനും അദ്ദേഹത്തിന്റെ അനുയായികളും ഭൂമി തട്ടിയെടുക്കുകയും സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്ന ആരോപണം നേരത്തെ ഉയർന്നുവന്നിരുന്നു.നിലവിൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തൻ്റെ വീട് റെയ്ഡ് ചെയ്യാൻ പോയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് ഷാജഹാൻ ഒളിവിലാണ്.