ഹിമാചൽപ്രദേശിൽ തകർന്ന് കോൺ​ഗ്രസ്; സർക്കാർ രൂപീകരിക്കാൻ ബിജെപി, ​ഗവർണറുമായി കൂടികാഴ്ച നടത്തി നേതാക്കൾ

കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂറിന്റെ നേതൃത്വത്തിലുള്ള ബിജെപി ഗവർണർ ശിവ് പ്രതാപ് ശുക്ലയപമായി കൂടികാഴ്ച നടത്തി

author-image
Greeshma Rakesh
New Update
ഹിമാചൽപ്രദേശിൽ തകർന്ന് കോൺ​ഗ്രസ്; സർക്കാർ രൂപീകരിക്കാൻ ബിജെപി, ​ഗവർണറുമായി കൂടികാഴ്ച നടത്തി നേതാക്കൾ

ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ സർക്കാർ രൂപീകരിക്കാനൊരുങ്ങി ബിജെപി.കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂറിന്റെ നേതൃത്വത്തിലുള്ള ബിജെപി ഗവർണർ ശിവ് പ്രതാപ് ശുക്ലയപമായി കൂടികാഴ്ച നടത്തി.സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന ബഹളത്തിനിടെയാണ് കൂടികാഴ്ച.

 

ഗവർണറോട് വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടതായി ബിജെപി പാർട്ടി നേതൃത്വം അറിയിച്ചു.സഭയിൽ സാമ്പത്തിക ബജറ്റിനുള്ള വോട്ടുകൾ വിഭജിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. 68 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 35 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ ചൊവ്വാഴ്ച 34 എംഎൽഎമാർ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്.

 

അതെസമയം 6 കോൺഗ്രസ് എംഎൽഎമാരും രണ്ട് സ്വതന്ത്രരും ബിജെപി ഭരിക്കുന്ന ഹരിയാനയിലേക്ക് മാറിയിരിക്കുകയാണ്. ഇവരെ ബിജെപി തട്ടിക്കൊണ്ടു പോയിരിക്കുകയാണ് എന്നാണ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖുവിന്റെ ആരോപണം. ഹിമാചലിൽ സർക്കാരിനെ നിലനിറുത്താൻ കോൺഗ്രസ് അടിയന്തര നീക്കങ്ങൾ നടത്തുന്നുണ്ട്. നിലവിലുള്ള എംഎൽഎമാരോട് എഐസിസി നേതൃത്വം സംസാരിച്ചു.മുഖ്യമന്ത്രിയെ മാറ്റണമെന്ന് ചില എംഎൽഎമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് നേതൃത്വം അറിയിച്ചു.

 

ഹരിയാനയിലെ റിസോർട്ടിലുള്ള എംഎൽഎമാർ കൂടൂതൽ പേരെ അടർത്താൻ ശ്രമിക്കുന്നതായാണ് വിവരം. 26 പേർ നേതൃമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് വിമത എംഎൽഎമാരുടെ അവകാശവാദം. എഐസിസി പ്രതിനിധികൾ എംഎൽഎമാരെ ഇന്ന് നേരിട്ട് കാണും. കോൺഗ്രസ് നീക്കങ്ങൾക്ക് നേതൃത്വം നൽകാൻ ഡി.കെ ശിവകുമാറും ഭൂപേന്ദ്ര ഹൂഡയും ഹിമാചലിലേക്ക് പോകുമെന്നാണ് സൂചന.

 

അത്യന്തം നാടകീയ നീക്കങ്ങൾക്കൊടുവിൽ നറുക്കെടുപ്പിലേക്കെത്തിയ രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി മനു അഭിഷേക് സിംഗ്വി തോറ്റതിന് പിന്നാലെയാണ് ഹിമാചൽപ്രദേശിൽ പ്രതിസന്ധി ആരംഭിച്ചത്. കോൺഗ്രസ് നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ഹിമാചൽ പ്രദേശിൽ ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജൻ മനു അഭിഷേക് സിംഗ്വിയെ അട്ടിമറിച്ചത്. 68 അംഗ ഹിമാചൽ നിയമസഭയിൽ 40 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയും സുഖ്വീന്ദ്ർ സിംഗ് സുഖു നയിക്കുന്ന സർക്കാരിനുണ്ട്.

 

അതെസമയം ബിജെപിക്ക് 25 എംഎൽഎമാരെ നിയമസഭയിലുള്ളു.എന്നാൽ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ മൂന്നു സ്വതന്ത്രരും ആറ് കോൺഗ്രസ് എംഎൽഎമാരും കൂറുമാറി ബിജെപിക്ക് വോട്ടു ചെയ്തു. ഇതോടെ രണ്ട് സ്ഥാനാർത്ഥികൾക്കും 34 വോട്ടുകൾ വീതം കിട്ടി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി വിജയിക്കുകയായിരുന്നു. ബിജെപി, സ്ഥാനാർത്ഥിയെ നിറുത്തിയത് തന്നെ അട്ടിമറിക്കു വേണ്ടി ആയിരുന്നെന്നും തോൽവി അംഗീകരിക്കുന്നെന്നുമെന്നുമായിരുന്നു മനു അഭിഷേക് സിംഗ്വിയുടെ പ്രതികരണം.

 

ബിജെപിയെക്കാൾ പതിനഞ്ച് എംഎൽഎമാർ കൂടുതലായിരുന്നതിനാൽ വിജയിക്കും എന്ന ഉറച്ച ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ്. ചൊവ്വാഴ്ച രാത്രി അഭിഷേക് സിംഗ്വി ഒരുക്കിയ വിരുന്നിലും ബുധനാഴ്ച പ്രാതലിലും പങ്കെടുത്ത ശേഷമാണ് ഒരു സൂചനയും നല്കാതെ എംഎൽഎമാർ കൂറുമാറിയത്.

പുറത്തുനിന്ന് ഒരാളെ കോൺഗ്രസ് രാജ്യസഭ സ്ഥാനാർത്ഥിയാക്കിയത് പാർട്ടിയിൽ നേരത്തെ അതൃപ്തിയുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രിയോട് തെറ്റി നിൽക്കുന്ന പിസിസി അദ്ധ്യക്ഷ പ്രതിഭ സിംഗിൻറെ അറിവോടെയാണോ അട്ടിമറി എന്നും എഐസിസിയ്ക്ക് സംശയമുണ്ട്.എംഎൽഎമാരെ സിആർപിഎഫിന്റെ സാന്നിധ്യത്തിൽ ഹരിയാനയിലേക്ക് മാറ്റുന്നതിൻറെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തു വിട്ടു.

BJP congress himachal pradesh rajya sabha election Jai Ram Thakur Governor Shiv Pratap Shukla