മാവേലിക്കര:∙ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികളും കുറ്റക്കാരെന്നു കണ്ടെത്തിയതായി കോടതി.ഇതില്‍ ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരായകൊലക്കുറ്റവും തെളിഞ്ഞു. പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവിയുടേതാണ് വിധി.
അതെസമയം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോടതി പരിസരത്ത് നൂറിൽപരം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ 2021 ഡിസംബർ 19ന് രൺജീത് ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നിൽവച്ച് വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്.പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണു ഹാജരായത്.
ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്‌ലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം എന്ന സലാം, അടിവാരം ദാറുസബീൻ വീട്ടിൽ, അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി എന്ന പൂവത്തിൽ ഷാജി, മുല്ലയ്ക്കൽ നുറുദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണ് പ്രതികൾ.
ഡിവൈഎസ്പി എൻ.ആർ.ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 156 സാക്ഷികൾ, ആയിരത്തോളം രേഖകൾ, നൂറിൽപരം തൊണ്ടി മുതലുകൾ എന്നിവ തെളിവിനായി ഹാജരാക്കി.വിരലടയാളം, ശാസ്ത്രീയ തെളിവുകൾ, ക്യാമറ ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയാറാക്കിയ യാത്രാവഴി എന്നിവയൊക്കെ പ്രോസിക്യൂഷൻ കേസിൽ തെളിവായി കേടതിയിൽ സമർപ്പിച്ചു.
പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയ ജുഡീഷ്യൽ ഓഫിസർമാർ, ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ നേതാക്കൾ, കൊല്ലപ്പെട്ട രൺജീത്തിന്റെ അടുത്ത ബന്ധുക്കൾ തുടങ്ങിയവർ കേസിലെ സാക്ഷികളാണ്. 6000 പേജുകളിലാണു വിചാരണക്കോടതി ജഡ്ജി മൊഴി രേഖപ്പെടുത്തിയത്.അതെസമയം പ്രതികള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഈ ദിവസത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നുമാണ് രഞ്ജിത്ത് ശ്രീനിവാസന്‍റെ അമ്മ വിനോദിനി പ്രതികരിച്ചു.