കെ.പി.രാജീവന്‍
ന്യൂഡല്‍ഹി: ബിഹാറില്‍ ആകെയുള്ള 13.07 കോടി ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും ഒബിസി വിഭാഗമെന്ന് ബിഹാര്‍ ജാതി സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കി നടത്തിയ സെന്‍സസ് ഫലം തിങ്കളാഴ്ച ബിഹാര്‍ സര്‍ക്കാര്‍ പുറത്ത് വിട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയുടെ കീഴിലുള്ള ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ വിവേക് സിംഗിന്റെ നേതൃത്വത്തില്‍ പുറത്ത് വിട്ട സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തെ 13.07 കോടി ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് ഭാഗം (63 ശതമാനം) മറ്റ് പിന്നാക്ക വിഭാഗങ്ങളാണെന്ന് (ഒബിസി) വ്യക്തമാക്കുന്നു.
സെന്‍സസ് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. ഒബിസി വിഭാഗത്തിലെ ഏറ്റവും വലിയ ഉപവിഭാഗം ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ യാദവ വിഭാഗമാണ്. ഇത് 14.27 ശതമാനം വരും. 36 ശതമാനത്തോളം അതിപിന്നാക്ക വിഭാഗത്തില്‍പെട്ടവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതനുസരിച്ച് 27.12 ശതമാനം പിന്നാക്ക വിഭാഗത്തില്‍ പെട്ടവരും 19.7 ശതമാനം പട്ടികജാതിക്കാരും 1.68 ശതമാനം പട്ടികവിഭാഗക്കാരുമാണ്. സംവരണേതര വിഭാഗമായ മുന്നാക്ക വിഭാഗം 15.52 ശതമാനമാണ്. ഹിന്ദു സമൂഹം ആകെ 81.9986 ശതമാനമാണ്.
ബ്രാഹ്‌മണര്‍ - 3.66, ഭൂമിഹാര്‍ - 2.86, കൂര്‍മികള്‍ - 2.87, മുസാഹറുകള്‍ - 3 എന്നിങ്ങനെയാണ് സെന്‍സസ് വിവിധ ജാതികളുടെ കണക്ക് വ്യക്തമാക്കുന്നത്. മുസ്ലിം വിഭാഗം 17.70 ശതമാനമാണ്. ക്രിസ്ത്യാനികള്‍ - 0.05, സിഖ് - 0.01, ബുദ്ധമതം - 0.08 എന്നിങ്ങനെയാണ് മറ്റ് മതവിഭാഗങ്ങളുടെ കണക്ക്.
സര്‍വ്വകക്ഷി യോഗം വിളിക്കും: നിതീഷ് കുമാര്‍
ജാതി സെന്‍സസുമായി ബന്ധപ്പെട്ട് ബിഹാര്‍ നിയമസഭയിലെ ഒമ്പത് പാര്‍ട്ടികളുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. ഒബിസി സംവരണം 27 ശതമാനമായി പരിമിതിപ്പെടുത്തിയത് ഉയര്‍ത്തുന്ന കാര്യം സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാതി സെന്‍സസുമായി ബന്ധപ്പെട്ട തുടര്‍നടപടികളും ചര്‍ച്ച ചെയ്യും.
സെന്‍സസ് ജാതി സംബന്ധിച്ച വിവരങ്ങള്‍ മാത്രമല്ല എല്ലാവരുടെയും സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനം ലക്ഷ്യമിട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കും. എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നിതീഷ് കുമാര്‍ പറഞ്ഞു.
എന്നാല്‍ ജാതി സെന്‍സസ് ജനങ്ങളുടെയിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയല്ലാതെ മറ്റൊരു പ്രയോജനവുമില്ലെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗ് പറഞ്ഞു. നിതീഷ് കുമാര്‍ 18 വര്‍ഷവും ലാലുപ്രസാദ് യാദവ് 15 വര്‍ഷവും ഭരിച്ച കാലത്തെ വികസനം സംബന്ധിച്ച റിപ്പോര്‍ട്ട് കാര്‍ഡ് പുറത്ത് വിടണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍ റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം അഭിപ്രായം പറയാമെന്നും സര്‍വ്വെയെ ബി.ജെ.പി ശക്തമായി പിന്തുണച്ചിരുന്നുവെന്നും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ സാമ്രാട്ട് ചൗധരി പറഞ്ഞു. ഞങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്ന സമയത്താണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അദ്ദേഹം ചൂണ്ടിക്കാട്ടി.