വാഷിംഗ്ടണ്‍: അമേരിക്കയെ നടുക്കിയ കൂട്ടവെടിവയ്പ്പ് നടന്ന സ്ഥലവും വെടിവയ്പ്പില്‍ നിന്ന് രക്ഷപ്പെട്ടവരെയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സന്ദര്‍ശിച്ചു. വെടിവയ്പ്പില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. അതേസമയം തോക്ക് അക്രമം കുറയ്ക്കുന്നതിന് പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ബൈഡന്‍ പദ്ധതിയിടുന്നതായി വൈറ്റ് ഹൗസും അറിയിച്ചു.
ഒക്ടോബര്‍ 25 നായിരുന്നു അമേരിക്കയെ നടുക്കിയ സംഭവം. മെയ്‌നിലെ ലൂവിസ്റ്റണ്‍ നഗരത്തിലുണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംഭവത്തില്‍ 60 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലൂവിസ്റ്റണിലെ ബോളിങ് അലി, ഒരു ബാര്‍, വാള്‍മാര്‍ട്ടിന്റെ വിതരണകേന്ദ്രം എന്നിങ്ങനെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ മൂന്നിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. യു എസ് ആര്‍മി റിസര്‍വിലെ പരിശീലകനായിരുന്ന റോബര്‍ട്ട് കാഡ് എന്നയാളാണ് ആക്രമണത്തിന് പിന്നില്‍. പ്രതി മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നു. ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നതിനിടയില്‍ ഇയാള്‍ സ്വന്തം മുറിയില്‍ വെടിയേറ്റ് മരിച്ചതായി കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.