ബിജെപി നേതാവ് എൽ.കെ.അഡ്വാനിക്ക് ഭാരതരത്‍ന; നേരിൽകണ്ട് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. അഡ്വാനിയോട് സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകൾ നേർന്നതായും നരേന്ദ്ര മോദി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

author-image
Greeshma Rakesh
New Update
ബിജെപി നേതാവ് എൽ.കെ.അഡ്വാനിക്ക് ഭാരതരത്‍ന; നേരിൽകണ്ട് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ.അഡ്വാനിക്ക് ഭാരതരത്‍ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. അഡ്വാനിയോട് സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകൾ നേർന്നതായും നരേന്ദ്ര മോദി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ആദരണീയനായ രാഷ്ട്രീയപ്രവർത്തകനാണ് അഡ്വാനിയെന്നും ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.അഡ്വാനിയുമായി ഇടപഴകാനും അതിൽ നിന്ന് പഠിക്കാനും കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും , അദ്ദേഹത്തിന് ഭാരതരത്‌നം നൽകിയത് തന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ നിമിഷമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു

 

‘‘നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ആദരണീയനായ രാഷ്ട്രീയപ്രവർത്തകനാണ് അഡ്വാനി. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. താഴെത്തട്ടിൽനിന്നും പ്രവർത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അഡ്വാനി’’– പ്രധാനമന്ത്രി കുറിച്ചു. ആഭ്യന്തര മന്ത്രിയായും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായും അഡ്വാനി സേവനം ചെയ്തിട്ടുണ്ട്. 96ാം വയസ്സിലാണ് പരമോന്നത സിവിലിയൻ ബഹുമതി അഡ്വാനിയെ തേടിയെത്തുന്നത്. - നരേന്ദ്ര മോദി കുറിച്ചു.

നീണ്ട രാഷ്ട്രീയ ജീവിതത്തിൽ , അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ ഉപപ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ബിജെപി അധ്യക്ഷൻ എന്നിവ ഉൾപ്പെടെ നിരവധി പാർട്ടി, സർക്കാർ പദവികൾ അഡ്വാനി വഹിച്ചിട്ടുണ്ട്. ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം. കല, സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം എന്നീ തുറകളിലെ സ്തുത്യർഹമായ സേവനം നിർവ്വഹിച്ചവർക്കാണ്‌ ഈ ബഹുമതി നൽകിവരുന്നത്. ഇന്ദിരാഗാന്ധി, മദർ തെരേസ, ലാൽ ബഹാദൂർ ശാസ്ത്രി, വാജ്‌പേയി എന്നിവരടക്കം ഈ പുരസ്‌കാര പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.

BJP PM Narendra Modi LK Advani bharat ratna