ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായ പി.വി നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, ഹരിത വിപ്ലവത്തിന്റെ പിതാവും മലയാളിയുമായ എം.എസ്. സ്വാമിനാഥനും രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.
''നമ്മുടെ മുൻ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവു ഗാരുവിന് ഭാരതരത്‌ന നൽകി ആദരിക്കുമെന്ന വാർത്ത പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്. അദ്ദേഹം വിവിധ തലങ്ങളിൽ ഇന്ത്യയെ സേവിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാർലമെൻ്റ്, നിയമസഭാംഗം എന്നീ നിലകളിൽ വർഷങ്ങളോളം അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം സ്മരിക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണ നേതൃത്വം ഇന്ത്യ സാമ്പത്തികമായി മുന്നേറുന്നതിൽ നിർണായക പങ്കുവഹിച്ചു.അദ്ദേഹം രാജ്യത്തിൻ്റെ അഭിവൃദ്ധിക്കും വളർച്ചയ്ക്കും ശക്തമായ അടിത്തറ പാകി”- മോദി എക്‌സിൽ കുറിച്ചു.
അതെസമയം ചൗധരി ചരൺ സിങ്ങിനുള്ള ഭാരതരത്‌ന രാജ്യത്തിന് അദ്ദേഹം നൽകിയ അനുപമമായ സംഭാവനകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
''രാജ്യത്തിൻ്റെ മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിനെ ഭാരതരത്‌ന നൽകി ആദരിക്കുന്നത് നമ്മുടെ സർക്കാരിൻ്റെ ഭാഗ്യമാണ്. രാജ്യത്തിന് അദ്ദേഹം നൽകിയ അനുപമമായ സംഭാവനകൾ പരിഗണിച്ചാണ് ഈ ബഹുമതി. കർഷകരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി അദ്ദേഹം തൻ്റെ ജീവിതം മുഴുവൻ സമർപ്പിച്ചു. അത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയോ രാജ്യത്തിൻ്റെ ആഭ്യന്തര മന്ത്രിയോ ആകട്ടെ, ഒരു എം.എൽ.എ എന്ന നിലയിലും അദ്ദേഹം രാഷ്ട്രനിർമ്മാണത്തിന് എന്നും ഊർജം നൽകി. അടിയന്തരാവസ്ഥയ്‌ക്കെതിരെയും അദ്ദേഹം ഉറച്ചുനിന്നു. നമ്മുടെ കർഷക സഹോദരീസഹോദരന്മാരോടുള്ള അദ്ദേഹത്തിൻ്റെ സമർപ്പണവും അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയും മുഴുവൻ രാജ്യത്തിനും പ്രചോദനമാണ്, ”മോദി പറഞ്ഞു.
എം എസ് സ്വാമിനാഥൻ കൃഷിയിലും കർഷക ക്ഷേമത്തിലും രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയെന്നും അതിനാൽ സ്വാമിനാഥന് ഭാരതരത്‌ന നൽകുന്നതിൽ വളരെ സന്തോഷമുണ്ടെന്നും മോദി കുറിച്ചു. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഇന്ത്യയെ കാർഷികമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിക്കുകയും ഇന്ത്യൻ കൃഷിയെ നവീകരിക്കുന്നതിനുള്ള മികച്ച ശ്രമങ്ങൾ നടത്തുകയും ചെയ്തു. നിരവധി വിദ്യാർത്ഥികൾക്കിടയിൽ പഠനത്തിനും ഗവേഷണത്തിനും പ്രോത്സാഹനം നൽകുന്ന ഒരു നവീകരണക്കാരനും ഉപദേഷ്ടാവും എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ അമൂല്യമായ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവ് ലാൽ കൃഷ്ണ അദ്വാനിക്കും ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും കേന്ദ്രസർക്കാർ നേരത്തെ ഭാരതരത്‌ന പ്രഖ്യാപിച്ചിരുന്നു.