20-ാം നൂറ്റാണ്ടിൽ ഏഷ്യയെ സ്വാധീനിച്ചവരിൽ പ്രമുഖൻ, ഹരിതവിപ്ലവത്തിൻ്റെ പിതാവ്, ഭാരതരത്ന ലഭിക്കുന്ന രണ്ടാമത്തെ മലയാളി

ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിച്ച ഈ അതുല്യ പ്രതിഭയ്‌ക്ക് രാജ്യം ഭാരത രത്ന നൽകി ആദരിക്കുമ്പോൾ മലയാളികൾക്കിത് ഇരട്ടി മധുരമാണ്.

author-image
Greeshma Rakesh
New Update
20-ാം നൂറ്റാണ്ടിൽ ഏഷ്യയെ സ്വാധീനിച്ചവരിൽ പ്രമുഖൻ, ഹരിതവിപ്ലവത്തിൻ്റെ പിതാവ്, ഭാരതരത്ന ലഭിക്കുന്ന രണ്ടാമത്തെ മലയാളി

ആലപ്പുഴ: ഇന്ത്യയുടെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനനാണ് മലയാളിയായ എം.എസ് സ്വാമിനാഥൻ. ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിച്ച ഈ അതുല്യ പ്രതിഭയ്‌ക്ക് രാജ്യം ഭാരത രത്ന നൽകി ആദരിക്കുമ്പോൾ മലയാളികൾക്കിത് ഇരട്ടി മധുരമാണ്. എംജിആറിന് ശേഷം ഭാരതരത്ന ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ് സ്വാമിനാഥൻ.

ഇന്ത്യയുടെ കാർഷിക ചരിത്രം തന്നെ തിരുത്തി കുറിച്ച മഹാപ്രതിഭയ്‌ക്ക് മരണാനന്തര ബഹുമതിയായാണ് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്ന നൽകുന്നത്.ടൈം മാഗസിൻ അവലോകന പ്രകാരം 20-ാം നൂറ്റാണ്ടിൽ ഏഷ്യ കണ്ടതിൽ വച്ച് ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു എം.എസ് സ്വാമിനാഥൻ.വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഇന്ത്യയെ കാർഷികമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ കൃഷിയെ നവീകരിക്കുന്നതിനുള്ള മികച്ച ശ്രമങ്ങൾ നടത്തി.

 

1925 ഓഗസ്റ്റ് ഏഴിന് ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം. കുഭകോണത്തായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഇന്നത്തെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സൂവോളജിയിലും കോയമ്പത്തൂർ അഗ്രികൾച്ചറൽ കോളേജിൽ നിന്ന് കൃഷിയിലും ബിരുദം കരസ്ഥമാക്കി. 1949-ൽ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സൈറ്റോ ജനറ്റിക്സിൽ ബിരുദാനന്തരബിരുദവും അദ്ദേഹം സ്വന്തമാക്കി. തുടർന്ന് കേംബ്രിഡ്ജിൽ നിന്ന് പിഎച്ച്ഡി നേടി.

1943-ൽ ബംഗാൾ ക്ഷാമകാലത്ത് നിരവധി മനുഷ്യർ പട്ടിണിയിൽ അകപ്പെട്ട് മരണത്തിന് കീഴ്പ്പെടുന്നത് സ്വാമിനാഥന്റെ ശ്രദ്ധയിൽപ്പെട്ടു.ഇതോടെയാണ് രാജ്യത്ത് പുതു വിപ്ലവത്തിന് തുടക്കമായി.ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അദ്ദേഹത്തിൻ്റെ തീരുമാനം, 1960-കളിലെ ഹരിതവിപ്ലവത്തിലെ ഒരു പ്രധാനിയായി അദ്ദേഹത്തെ മാറ്റി.

ഇത് ഇന്ത്യയെ ഭക്ഷ്യക്ഷാമമുള്ള രാഷ്ട്രത്തിൽ നിന്ന് ലോകത്തെ മുൻനിര കാർഷിക ഉത്പാദകരിൽ ഒരാളാക്കി മാറ്റി. നോബൽ സമ്മാന ജേതാവായ നോർമൻ ബോർലോഗുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം ഉയർന്ന വിളവ് നൽകുന്ന ഗോതമ്പും അരിയും രാജ്യത്ത് അവതരിപ്പിച്ചു.ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിൽ നിന്ന് രക്ഷിച്ചു.

1954-ൽ കട്ടക്കിലെ സെൻട്രൽ‌ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി. 1966-ൽ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പദവി. 1972-വരെ ഈ പദവിയിൽ തുടർന്നു.1972 മുതൽ 79 വരെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ആസൂത്രണ കമ്മീഷൻ അംഗവുമായി.

 

1982-ൽ ഫിലിപ്പെെൻസിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യക്കാരനായ ആദ്യത്തെ ഡയറക്ടറായി. 1987-ൽ കാർഷിക രംഗത്തെ നോബേൽ സമ്മാനം എന്നറിയപ്പെടുന്ന വേൾഡ് ഫുഡ് പ്രൈസും അദ്ദേഹം കരസ്ഥമാക്കി.

india agriculture bharat ratna ms swaminathan green revolution