കൊല്‍ക്കത്ത; ബംഗാളില്‍ മാല്‍ഡയില്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിനുനേരെ ആക്രമണമുണ്ടായെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നെന്നും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
ബിഹാറിലെ കതിഹാറില്‍നിന്ന് ഭാരത് ജോഡോ യാത്ര ബംഗാളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള പതാക കൈമാറ്റ ചടങ്ങു നടക്കുന്നതിനിടെയാണ് സംഭവം. ഈ സമയം രാഹുല്‍ ബസിന്റെ മുകളില്‍നില്‍ക്കുകയായിരുന്നെന്നാണ് വിവരം. സ്ഥലത്ത് തിരക്കുമുണ്ടായിരുന്നു. ഇതിനിടെ രാഹുലിന്റെ വാഹനത്തിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് തകരുകയായിരുന്നു. നടന്നത് ആക്രമണം അല്ലെന്നും ജനങ്ങളുടെ തിക്കുംതിരക്കും മൂലമാണ് ചില്ല തകര്‍ന്നെന്നുമാണ് പൊലീസ് പറയുന്നത്.
രാഹുല്‍ ഗാന്ധി കാറിനു സമീപമെത്തി പരിശോധിക്കുകയും ചെയ്തു. നേരത്തേ, ബംഗാള്‍ ഭരണകൂടം രാഹുല്‍ ഗാന്ധിക്ക് മാല്‍ഡ ജില്ലയിലെ ഭലൂക്ക ഇറിഗേഷന്‍ ബംഗ്ലാവില്‍ താമസിക്കാന്‍ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് യാത്രാ ഷെഡ്യൂളില്‍ കോണ്‍ഗ്രസ് മാറ്റം വരുത്തി.