തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിദേശനിര്‍മിത വിദേശ മദ്യം ലഭിക്കില്ല. പുതുക്കി നിശ്ചയിച്ച വില ബോട്ടിലുകളില്‍ ലേബല്‍ ചെയ്യുന്നതുവരെ ഇത്തരം മദ്യത്തിന്റെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ബെവ്‌കോ ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) എല്ലാ മാനേജര്‍മാര്‍ക്കും ഉത്തരവ് നല്‍കി. ഇതോടെയാണ് വിദേശ നിര്‍മിത വിദേശ മദ്യവില്‍പ്പന തടസപ്പെടുന്നത്.
ഈമാസം ഒന്നുമുതലാണ് വിദേശ നിര്‍മിത വിദേശ മദ്യങ്ങള്‍ക്ക് വില പുതുക്കി നിശ്ചയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബെവ്‌കോയ്ക്ക് വിതരണം ചെയ്ത മദ്യക്കുപ്പികളില്‍ പുതുക്കിയ വിലയുടെ ലേബല്‍ ഒട്ടിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈമാസം അഞ്ചുവരെയായിരുന്നു സമയം നല്‍കിയത്. ഈ സമയപരിധിക്കുള്ളില്‍ പുതുക്കിയ വില കുപ്പികളില്‍ ലേബല്‍ ചെയ്തു തീര്‍ക്കാന്‍ സാധിച്ചില്ല.
അതിനാലാണ് ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ നിലവിലുള്ള സ്റ്റോക്കുകള്‍ വില്‍പ്പന നടത്തരുതെന്ന് ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) ഉത്തരവിറക്കിയത്. കമ്പനികള്‍ കോര്‍പറേഷനു നല്‍കേണ്ട വെയര്‍ഹൗസ് മാര്‍ജിന്‍ 14 ശതമാനമായും ഷോപ്പ് മാര്‍ജിന്‍ 20 ശതമാനമായും വര്‍ധിപ്പിക്കുകയായിരുന്നു. വിദേശത്തു നിര്‍മിക്കുന്ന മദ്യത്തിനും വൈനിനും ഒരേ നിരക്കിലായിരിക്കുംമാര്‍ജിന്‍.
നേരത്തെ വിദേശനിര്‍മിത മദ്യത്തിന് വെയര്‍ഹൗസ് മാര്‍ജിന്‍ 5 ശതമാനവും വിദേശ വൈനിന് 2.5 ശതമാനവുമായിരുന്നു. ഷോപ്പ് മാര്‍ജിന്‍ യഥാക്രമം 3 ശതമാനവും 5 ശതമാനവുമായിരുന്നു. രണ്ടിനത്തിലുമായി ഒറ്റയടിക്കു വന്‍ വര്‍ധന വരുന്നതോടെ വില കുത്തനെ ഉയരുകയും ചെയ്തു.അതിനിടെ വിദേശ നിര്‍മിത വിദേശമദ്യക്കമ്പനികള്‍ ബെവ്‌കോയ്ക്ക് നേരത്തെ സ്‌റ്റോക്ക് നല്‍കിയിരുന്നു.
ഇതില്‍ പഴയ വിലയാണ് രേഖപ്പെടുത്തിയിരുന്നത്. നിലവില്‍ വരുത്തിയ ഉത്തരവു പ്രകാരം പുതിയ വില രേഖപ്പെടുത്താന്‍ ലീഗല്‍ മെട്രോളജി നിയമപ്രകാരം സാധിക്കില്ലെന്നാണ് കമ്പനി ഉടമകള്‍ പറയുന്നത്. ഒരിക്കല്‍ ഒട്ടിച്ച ലേബലില്‍ മറ്റൊരു ലേബല്‍ ഒട്ടിക്കാനാകില്ലെന്ന് ഉടമകള്‍ പറയുന്നു. ഇത് നിയമവിരുദ്ധമാണ്. ബെവ്‌കോ ജനറല്‍ മാനേജര്‍ (ഫിനാന്‍സ്)ന്റെ ഉത്തരവ് തങ്ങളെ പ്രതിസന്ധിയിലാക്കുകയാണെന്നും അവര്‍ പറഞ്ഞു.
പുതിയ വിലവര്‍ദ്ധനവ് നിലവിലെ സ്റ്റോക്കുകള്‍ വിറ്റഴിച്ചതിന് ശേഷം നടപ്പിലാക്കുകയോ അല്ലെങ്കില്‍ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ആയിരുന്നു വേണ്ടത്. എന്നാല്‍, ബെവ്‌കോയുടെ ഭാഗത്ത് നിന്ന് അത്തരമൊരു നടപടി ഉണ്ടായില്ല.
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പന കൂട്ടാന്‍ വേണ്ടി മനഃപൂര്‍വ്വമാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. മാത്രമല്ല ബെവ്‌കോ എംഡിക്കു പോലും ഇത്തരമൊരു ഉത്തരവിനെ കുറിച്ച് യാതൊരു അറിവും ഇല്ലെന്നും ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഉണ്ടായിരിക്കുന്നതെന്നും കമ്പനി ഉടമകള്‍ ആരോപിക്കുന്നു.