അയോധ്യ ശ്രീരാമക്ഷേത്രം: നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് പരിസമാപ്തി, നാള്‍വഴികള്‍

നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും കാത്തിരിപ്പിനും തിങ്കളാഴ്ച പരിസമാപ്തിയായി. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ വീക്ഷിച്ച പ്രാണപ്രതിഷ്ഠ ചടങ്ങ് പൂര്‍ത്തിയായപ്പോള്‍ അതിലേക്ക് നയിച്ച സംഭവ വികാസങ്ങള്‍ ഒട്ടനവധിയാണ്.

author-image
Web Desk
New Update
അയോധ്യ ശ്രീരാമക്ഷേത്രം: നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് പരിസമാപ്തി, നാള്‍വഴികള്‍

 

അയോധ്യ: നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും കാത്തിരിപ്പിനും തിങ്കളാഴ്ച പരിസമാപ്തിയായി. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ വീക്ഷിച്ച പ്രാണപ്രതിഷ്ഠ ചടങ്ങ് പൂര്‍ത്തിയായപ്പോള്‍ അതിലേക്ക് നയിച്ച സംഭവ വികാസങ്ങള്‍ ഒട്ടനവധിയാണ്.

1526 ല്‍ മുഗള്‍ സാമ്രാജ്യം സ്ഥാപിച്ച ബാബറുടെ സൈന്യാധിപന്‍ മിര്‍ ബാഖിയുടെ ഉത്തരവനുസരിച്ച്
പള്ളി നിര്‍മ്മിച്ചു

1885 ല്‍ നിയമ തര്‍ക്കം തുടങ്ങി. ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മ്മിച്ചതെന്ന് ആരോപിച്ച് മഹന്ത് രഘുബീര്‍ ദാസ് ആദ്യ കേസ് ഫയല്‍ ചെയ്തു. ഇദ്ദേഹത്തിന്റെ ഹര്‍ജി തള്ളി.

1949 ഡിസംബര്‍ 22 ന് രാത്രിയില്‍ ബാബറി മസ്ജിദിനുള്ളില്‍ രാമവിഗ്രഹം കണ്ടെത്തി. ഇതോടെ ഹിന്ദുക്കള്‍ ഇവിടെ ആരാധന തുടങ്ങി. തുടര്‍ന്ന് സര്‍ക്കാര്‍ ഈ പ്രദേശത്തെ തര്‍ക്ക ഭൂമിയായി പ്രഖ്യാപിച്ച് കവാടം താഴിട്ട് പൂട്ടി.

1950 ല്‍ ഹിന്ദു പക്ഷം ഫൈസാബാദ് കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്തു. കക്ഷികള്‍ക്ക് പൂജ നടത്താന്‍ അനുമതി നല്‍കി.

1959 ല്‍ ഹിന്ദുക്കള്‍ മൂന്നാമത്തെ കേസ് ഫയല്‍ ചെയ്തു. ഭൂമിയുടെ അവകാശം തേടി നിര്‍മോഹി അഖാഡയാണ് കേസ് നല്‍കിയത്.

1961 ല്‍ മുസ്ലിം വിഭാഗവും കേസ് ഫയല്‍ ചെയ്തു. മസ്ജിദിന്റെ കൈവശാവകാശം തേടിയും രാമവിഗ്രഹങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് യു.പി സുന്നി വഖഫ് ബോര്‍ഡ് ആണ് കേസ് ഫയല്‍ ചെയ്തത്.

1984 ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ രാമജന്മഭൂമി പ്രസ്ഥാനം തുടങ്ങി.

1986 ഫെബ്രുവരി ഒന്നിന് ബാബ്‌റി മസ്ജിദിന്റെ അകത്തെ ഗേറ്റ് ഫൈസാബാദ് സെഷന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്ന് തുറന്നു.

1989 നവംബര്‍ 9 ന് തര്‍ക്ക പ്രദേശത്തിന് സമീപം രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്താന്‍ വി.എച്ച്.പിക്ക് അനുമതി നല്‍കി.

1989 ല്‍ എല്ലാ കേസുകളും അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി. നിര്‍മോഹി അഖാഡ, സുന്നി വഖഫ് ബോര്‍ഡ് എന്നിവരെ കക്ഷികളാക്കി മറ്റൊരു കേസും ഫയല്‍ ചെയ്തു.

1990 സെപ്തംബര്‍ 25 ന് സോമനാഥ ക്ഷേത്രത്തില്‍ നിന്നും അയോദ്ധ്യയിലേക്ക് എല്‍.കെ. അദ്വാനി രഥയാത്ര ആരംഭിച്ചു.

1992 ഡിസംബര്‍ 6 ന് കര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തു താത്ക്കാലിക ക്ഷേത്രം നിര്‍മ്മിച്ചു.

1992 ഡിസംബര്‍ 16 ന് ജസ്റ്റിസ് എ.എസ്. ലിബര്‍ഹാന്‍ കമ്മീഷന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി.

1993 ജനുവരി 7 ന് സര്‍ക്കാര്‍ അയോദ്ധ്യയിലെ തര്‍ക്കഭൂമി ഏറ്റെടുത്തു.

1993 ഏപ്രില്‍ 3 ന് ഭൂമി ഏറ്റെടുക്കല്‍ ചോദ്യം ചെയ്തു അലഹബാദ് ഹൈക്കോടതിയില്‍ ഇസ്മയില്‍ ഫറൂഖിയാണ് ഹര്‍ജി നല്‍കിയത്.

1994 ല്‍ ഭൂമി ഏറ്റെടുക്കല്‍ ഭരണഘടന സാധുത സുപ്രീം കോടതി അംഗീകരിച്ചു. പ്രത്യേക പ്രാധാന്യമില്ലാത്ത പള്ളിയില്‍ നിസ്‌കരിക്കുക എന്നത് ഇസ്ലാമില്‍ അവിഭാജ്യഘടകമല്ലെന്ന് സുപ്രീം കോടതി വിധിച്ചു.

2002 ല്‍ അയോദ്ധ്യ തര്‍ക്ക കേസില്‍ അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ച് വാദം കേള്‍ക്കാന്‍ തുടങ്ങി.

2003 മാര്‍ച്ചില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സര്‍വ്വെയും ഖനനവും നടത്തി പത്താം നൂറ്റാണ്ടിലെ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി.

2009 ജൂണ്‍ 30 ന് ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചെങ്കിലും ഉള്ളടക്കം പരസ്യമാക്കിയില്ല.

2010 സെപ്തംബര്‍ 30 ന് തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച് അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചു. മൂന്നിലൊന്ന് സുന്നി വഖഫ് ബോര്‍ഡിനും മൂന്നിലൊന്ന് നിര്‍മോഹി അഖാഡയ്ക്കും മൂന്നിലൊന്ന് രാംലല്ല വിരാജ്മാ നുമായാണ് വിധി. മസ്ജിദിന്റെ താഴികക്കുടം സ്ഥിതി ചെയ്തിരുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് നല്‍കി.

2011 മെയ് മാസം അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരു കക്ഷിയും ഭൂമി വിഭജിക്കാന്‍ ആവശ്യപ്പെടാതിരുന്നിട്ടും ഭൂമി വിഭജിച്ചുള്ള ഹൈക്കോടതി വിധിയെ വിചിത്രം എന്ന് സുപ്രീം കോടതി വിശേഷിപ്പിച്ചു.

2017 മാര്‍ച്ച് 21 ന് മുന്‍ ചീഫ് ജസ്റ്റിസ് കെഹാര്‍ കോടതിക്ക് പുറത്തുള്ള ഒത്ത്തീര്‍പ്പ് നിര്‍ദ്ദേശിച്ചു.

2017 ആഗസ്റ്റ് 11 ന് സുപ്രീം കോടതി മൂന്നംഗ ബെഞ്ച് കേസ് കേള്‍ക്കാന്‍ തുടങ്ങി.

2018 ഫെബ്രുവരിയില്‍ ഇസ്മായില്‍ ഫറൂഖി കേസ് വിധി പരിശോധിക്കാന്‍ കേസ് 7 അംഗ ബെഞ്ചിന് വിടണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

2018 സെപ്തംബര്‍ 2 ന് വിശാല ബെഞ്ച് രൂപീകരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

2019 ജനുവരി 8 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി അഞ്ചംഗ ബെഞ്ച് രൂപീകരിച്ചു.

2019 നവംബര്‍ 9 ന് സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചു. തര്‍ക്ക ഭൂമിയായ 2.77 ഏക്കറില്‍ ക്ഷേത്രം നിര്‍മ്മിക്കാനും തര്‍ക്ക ഭൂമിക്ക് പുറത്ത് പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ സ്ഥലം അനുവദിക്കാനുമായിരുന്നു ഉത്തരവ്.

2019 ഡിസംബര്‍ 12 ന് വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.

2020 ഫെബ്രുവരി 5 ന് കോടതി നിര്‍ദ്ദേശപ്രകാരം ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

2020 മാര്‍ച്ച് 25 ന് രാംലല്ലയുടെ വിഗ്രഹം കൂടാരത്തില്‍ നിന്ന് 28 വര്‍ഷത്തിന് ശേഷം ഫൈബര്‍ ക്ഷേത്രത്തിലേക്ക് മാറ്റി.

2020 ഫെബ്രുവരി 24 ന് പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ സ്ഥലം യു.പി. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് അനുവദിച്ചു.

2020 ആഗസ്റ്റ് 5 ന് പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിട്ടു.

2023 ഒക്ടോബര്‍ 25 ന് രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാമജന്മഭൂമി ട്രസ്റ്റ് ക്ഷണിച്ചു.

2024 ജനുവരി 22 രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ നടന്നു.

 

 

india ayodhya ram temple Ayodhya ayodhya ram mandir