അയോധ്യ ശ്രീരാമ പ്രാണപ്രതിഷ്ഠ: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ഉപഹാരമായി ഓണവില്ല്

അയോധ്യ ശ്രീരാമ സ്വാമിയുടെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ഉപഹാരമായി ഓണവില്ല് നൽകുന്നു. വ്യാഴാഴ്ച രാവിലെ മുതൽ ഭക്തർക്ക് ഓണവില്ല് കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

author-image
Greeshma Rakesh
New Update
അയോധ്യ ശ്രീരാമ പ്രാണപ്രതിഷ്ഠ: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ഉപഹാരമായി ഓണവില്ല്

തിരുവനന്തപുരം: അയോധ്യ ശ്രീരാമ സ്വാമിയുടെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ഉപഹാരമായി ഓണവില്ല് നൽകുന്നു. വ്യാഴാഴ്ച വൈകിട്ട് 5.30ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സതീശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ ആദിത്യ വർമ, തുളസി ഭാസ്‌കരൻ, എക്‌സിക്യൂട്ടീവ് ഓഫീസർ ബി. മഹേഷ് എന്നിവർ ശ്രീരാമ തീർത്ഥം ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾക്ക് ഓണവില്ല് കൈമാറും. കൈമാറുന്ന ഓണവില്ലുമായി ഭക്തജനങ്ങൾ നാമജപത്തോടെ ക്ഷേത്രത്തിനു ചുറ്റും പരിക്രമം നടത്തും. വ്യാഴാഴ്ച രാവിലെ മുതൽ ഭക്തർക്ക് ഓണവില്ല് കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ഉത്തമ വൈഷ്ണവ സങ്കേതകങ്ങളുടെ ലക്ഷണമായി ആഗമങ്ങൾ പറയുന്നത് പ്രധാന ദേവനെ കൂടാതെ ശ്രീരാമനും ശ്രീനരസിംഹ മൂർത്തിയും ശ്രീകൃഷ്ണനും ഒരേ സങ്കേതത്തിൽ തന്നെ പ്രതിഷ്ഠിച്ച് ആരാധന നടത്തണം എന്നാണ്. അപ്രകാരമുള്ള ദക്ഷിണ ഭാരതത്തിലെ അമ്പതോളം ക്ഷേത്രങ്ങളിൽ ഒന്നായതും കേരളത്തിലെ ഏക ക്ഷേത്രവുമാണ് പത്മനാഭസ്വാമി ക്ഷേത്രം. രാമാവതാരത്തിനു മുമ്പ് ബ്രഹ്മാവ് തുടങ്ങിയ ദേവൻമാരുടെ സ്തുതികളെ കൊണ്ട് പ്രീതനായി പ്രത്യക്ഷപ്പെടുന്ന ഭാവത്തിലാണ് പത്മനാഭസ്വാമിയുടെ സാന്നിധ്യം എന്നത് പ്രസിദ്ധമാണ്.

ശയന രൂപത്തിലുള്ള മഹാവിഷ്ണുവിനെ ശ്രീരാമനായി കണക്കാക്കുന്ന ഒരു സമ്പ്രദായവും നിലവിലുണ്ട്. നിത്യേന രാവിലെയും വൈകിട്ടും ക്ഷേത്രനട തുറക്കുന്ന സമയം മുതൽ അടയ്ക്കുന്ന സമയംവരെ ദേവന്റെ അകത്തെ ബലിവട്ടത്ത് പുറത്ത് ശ്രീനരസിംഹ മൂർത്തിക്ക് മുമ്പിലായി രാമായണ പാരായണം മുടക്കമില്ലാതെ നടക്കുന്നുണ്ട്.

ഉത്സവത്തോടനുബന്ധിച്ച് ദേവന്റെ സങ്കേത പരിധിയിലെ ദുഷ്ട ശക്തികളെ ഉൻമൂലനം ചെയ്യാനുള്ള സങ്കൽപത്തിൽ നടത്തുന്ന പള്ളിവേട്ടയ്ക്കു മാത്രം ശ്രീരാമസ്വാമിയുടെ അങ്കിചാർത്ത് അലങ്കരിച്ച് അമ്പും വില്ലും ധരിച്ച രൂപത്തിൽ പത്മനാഭസ്വാമി എഴുന്നള്ളുന്നത് ഒരു പ്രത്യേകതയാണ്. ശ്രീരാമനെയാണ് വില്ല് അലങ്കാരമായും ആയുധമായും ധരിക്കുന്ന വിഷ്ണു എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ചിങ്ങമാസത്തിലെ തിരുവോണത്തിന് ഓണവില്ല് ചാർത്തുന്നതും ശ്രീരാമബന്ധം കൊണ്ടു കൂടിയാണ്.

ayodhya ram mandir ayodhya ram mandir pranapratishtha padmanadbha swami temple