ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി നൽകാനുള്ള തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് സി.പി.എം. കേന്ദ്രത്തിന്റെ തീരുമാനം ഭരണഘടനക്കും സുപ്രീം കോടതി മാർഗ നിർദേശങ്ങൾക്കും വിരുദ്ധമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ അറിയിച്ചു.
എല്ലാ ജീവനക്കാർക്കും പ്രതിഷ്ഠയിൽ പങ്കെടുക്കാൻ വേണ്ടിയാണ് സ്ഥാപനങ്ങൾ ഉച്ചവരെ അടച്ചിടുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്.അതെസമയം ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളും സമാന നടപടി സ്വീകരിച്ചതായി റിപ്പോർട്ടുണ്ടെന്നും തികച്ചും മതപരമായ ചടങ്ങായിരിക്കേണ്ട കാര്യങ്ങളിൽ സർക്കാരിനെയും സംസ്ഥാനത്തെയും നേരിട്ട് പങ്കാളികളാക്കാനുള്ള നടപടിയാണിതെന്നും സി.പി.എം ആരോപിച്ചു.
മതവിശ്വാസം അനുസരിച്ച് വ്യക്തിപരമായ തീരുമാനം എടുക്കാൻ എല്ലാ ജീവനക്കാർക്കും അവകാശമുണ്ട്. എന്നാൽ സർക്കാർ തന്നെ ഇത്തരമൊരു സർക്കുലർ പുറപ്പെടുവിക്കുന്നത് അധികാരത്തിന്റെ ദുർവിനിയോഗമാണെന്നും സി.പി.എം വ്യക്തമാക്കി.
പ്രതിഷ്ഠദിനമായ ജനുവരി22 വ്യാഴാഴ്ചയാണ് കേന്ദ്രം അവധി പ്രഖ്യാപിച്ചത്. കേന്ദ്ര ധനകാര്യ വകുപ്പ് രാജ്യത്തെ ബാങ്കുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖല ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക, ഗ്രാമീണ ബാങ്കുകൾ എന്നിവയൊക്കെ 22ന് ഉച്ചവരെ അടഞ്ഞുകിടക്കുമെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ചടങ്ങിനോട് അനുബന്ധിച്ച് മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ചത്തീസ്ഗഢ്, ഗോവ സർക്കാറുകളും ഉച്ചക്ക് 2.30 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.